Skip to content

വെറും 83 റൺസിന് പുറത്ത്, ഇംഗ്ലണ്ടിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക. മഴമൂലം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 202 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക 20.4 ഓവറിൽ വെറും 83 റൺസിന് പുറത്തായി. 118 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് കുറിച്ചത്.

( Picture Source : Twitter )

ഏകദിന ക്രിക്കറ്റിലെ സൗത്താഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്. ഇതിന് മുൻപ് 1993 ൽ ഓസ്ട്രേലിയക്കെതിരെ 69 റൺസിനും 2008 ൽ ഇംഗ്ലണ്ടിനെതിരെ തന്നെ 83 റൺസിനും സൗത്താഫ്രിക്ക പുറത്താക്കപെട്ടിരുന്നു. 202 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 6 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. തുടർന്ന് 40 പന്തിൽ 33 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനാണ് വൻ നാണക്കേടിൽ നിന്നും സൗത്താഫ്രിക്കയെ രക്ഷിച്ചത്. ക്ലാസനെ കൂടാതെ 12 റൺസ് നേടിയ ഡേവിഡ് മില്ലർ, 17 റൺസ് നേടിയ പ്രെട്ടോറിയസ് എന്നിവർ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റും മൊയിൻ അലി, റീസ് ടോപ്ലെ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഡേവിഡ് വില്ലി, സാം കറൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )

മഴമൂലം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 26 പന്തിൽ 38 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ, 18 പന്തിൽ 35 റൺസ് നേടിയ സാം കറൺ എന്നിവരുടെ മികവിലാണ് 201 റൺസ് നേടിയത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ൻ പ്രെട്ടോറിയസ് 6 ഓവറിൽ 36 റൺസ് വഴങ്ങി നാല് വിക്കറ്റും ആൻറിച്ച് നോർക്കിയ, ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീതവും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.

മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് 1-1 ന് സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി. ജൂലൈ 24 നാണ് പരമ്പരയിലെ അവസാന മത്സരം.

( Picture Source : Twitter )