Skip to content

കോഹ്ലിയുള്ള ഇന്ത്യൻ ടീമിനെതിരെ കളിക്കാനാണ് ഞാൻ ഭയപെടുക, വിരാട് കോഹ്ലിയെ പിന്തുണച്ച് റിക്കി പോണ്ടിങ്

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കോഹ്ലിയെ ടീമിൽ നിന്നും ഒഴിവാക്കേണ്ടതില്ലെന്നും എല്ലാ ഇതിഹാസ താരങ്ങളും മോശം ഫോമിലൂടെ കടന്നുപോയിട്ടുണ്ടെന്നും മികച്ച തിരിച്ചുവരവ് നടത്താനുള്ള മാർഗങ്ങൾ കണ്ടെത്തി അവർ തിരിച്ചുവന്നിട്ടുണ്ടെന്നും തിരിച്ചുവരവ് നടത്തുവാൻ കോഹ്ലിയ്ക്ക് വളരെ കുറച്ച് സമയം മാത്രം മതിയെന്നും ഐസിസി റിവ്യൂവിൽ സംസാരിക്കവെ പോണ്ടിങ് പറഞ്ഞു.

” ഒരു എതിർടീം ക്യാപ്റ്റൻ അല്ലെങ്കിൽ എതിർടീം താരം എന്ന നിലയിൽ വിരാട് കോഹ്ലിയില്ലാത്ത ടീമിനെതിരെയല്ല വിരാട് കോഹ്ലിയുള്ള ഇന്ത്യൻ ടീമിനെതിരെ കളിക്കാനാണ് ഞാൻ ഭയപെടുക. ”

” അദ്ദേഹത്തിന് ചില വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം. ഇത് പ്രയാസകരമായ സമയമാണ്. പക്ഷേ ഈ ഗെയിമിൽ ഞാൻ കണ്ടിട്ടുള്ള എല്ലാ ഇതിഹാസ താരങ്ങളും ചില ഘട്ടങ്ങളിൽ മോശം ഫോമിലൂടെ കടന്നുപോയിട്ടുണ്ട്. അത് ഒരു ബാറ്റ്സ്മാനായാലും ബൗളറായാലും ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അവരെല്ലാം തിരിച്ചുവരാനുള്ള മാർഗങ്ങൾ കണ്ടെത്തി. കോഹ്ലിയ്ക്കിനി അതിനിനി കുറച്ച് സമയം മാത്രമേ ആവശ്യമുള്ളൂ. ” പോണ്ടിങ് പറഞ്ഞു.

” മറ്റൊരു കാര്യം ലോകകപ്പിന് മുൻപായി നിങ്ങൾ വിരാട് കോഹ്ലിയെ ഒഴിവാക്കുകയും പകരക്കാരനായി എത്തുന്ന താരം മികവ് പുലർത്തുകയും ചെയ്താൽ പിന്നീട് വിരാട് കോഹ്ലിയ്ക്ക് തിരിച്ചുവരവ് കൂടുതൽ ദുഷ്കരമാകും. അതുകൊണ്ട് തന്നെ ഞാനാണ് ഇന്ത്യയെങ്കിൽ ഞാൻ കോഹ്ലിയെ തന്നെ പിന്തുണയ്ക്കും, കാരണം എനിക്കതിൻ്റെ നേട്ടമറിയാം. അവനിൽ ആത്മവിശ്വാസം തിരികെ കൊണ്ടുവരികയും അവന് മികവിൽ തിരിച്ചെത്താനും സാധിച്ചാൽ അത് മറ്റെന്തിനേക്കാളും നേട്ടമാകും. ഞാനാണ് ഇന്ത്യൻ ടീമിൻ്റെ കോച്ചെങ്കിൽ കഴിയുന്നത്ര അവൻ്റെ കാര്യങ്ങൾ അവന് എളുപ്പമാക്കുകയും, അവൻ ഫോമിലെത്താൻ കാത്തിരിക്കുകയും ചെയ്യും. ” പോണ്ടിങ് കൂട്ടിച്ചേർത്തു.