Skip to content

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷമാണ് ഞാൻ ആ തീരുമാനമെടുത്തത്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനമെടുത്തത് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമാണെന്ന് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ക്രിക്കറ്റിൽ ഇനിയും തുടരണമെങ്കിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഏതെങ്കിലുമൊരു ഫോർമാറ്റിൽ നിന്നും വിരമിക്കണമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അതിൽ ഏകദിന ക്രിക്കറ്റ് തിരഞ്ഞെടുത്തത് ഇന്ത്യയ്ക്കെതിരായ മത്സരത്തിന് ശേഷമാണെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

” ഒരു ഘട്ടത്തിൽ ക്രിക്കറ്റിൽ തുടരുവാൻ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഏതെങ്കിലുമൊരു ഫോർമാറ്റ് തിരഞ്ഞെടുക്കേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അത് ഏതാണെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ആദ്യ ഏകദിനം എൻ്റെ മുഖത്തേറ്റ അടിയായി. ഞാൻ ജോസിനോട് സംസാരിച്ചു. ഞാൻ കുറച്ച് ഉപയോഗശൂന്യമാണെന്ന് ഞാൻ അവനോട് പറഞ്ഞു. അതൊരു സുഖകരമായ നിമിഷമായിരുന്നില്ല. ” ബെൻ സ്റ്റോക്സ് പറഞ്ഞു.

” ഇതൊരിക്കലും എളുപ്പമായിരുന്നില്ല. പക്ഷേ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ എന്ന നിലയിൽ എത്രത്തോളം ക്രിക്കറ്റ് ഇനിയും വരുന്നുവെന്ന് എനിക്കറിയാം. എനിക്ക് എൻ്റെ ശരീരം നോക്കേണ്ടതുണ്ട്. കാരണം കഴിയാവുന്നത്രയും നാൾ ക്രിക്കറ്റിൽ തുടരുവാൻ ഞാൻ ആഗ്രഹിക്കുന്നു. “

” വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയ ശേഷം ജിമ്മിയുടെയും ബ്രോഡിയുടെയും കരിയറിൽ വന്ന മാറ്റത്തെ ഞാൻ നോക്കികാണുന്നു. ഇംഗ്ലണ്ടിന് വേണ്ടി 140, 150 ടെസ്റ്റ് മത്സരങ്ങൾ എനിക്ക് കളിക്കണം. ഈ തീരുമാനം ഞാൻ പ്രതീക്ഷതിലും നേരത്തെ എടുക്കേണ്ടിവന്നു. ടി20 ക്രിക്കറ്റിൽ രണ്ടോ മൂന്നോ ഓവർ മാത്രമാണ് എനിക്കേറിയേണ്ടി വരുന്നത്. എനിക്ക് 35,36 വയസ്സുള്ളപ്പോൾ ഈ തീരുമാനത്തിലേക്ക് തിരിഞ്ഞുനോക്കുവാനും ഇതിൽ ഞാൻ സന്തുഷ്ടനാണെന്ന് പറയാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ” ബെൻ സ്റ്റോക്സ് കൂട്ടിച്ചേർത്തു.