Skip to content

ഇന്ത്യയുടെയല്ല, സി എസ് കെയുടെ ജേഴ്സി വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എം എസ് ധോണിയിൽ നിന്നും ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് ഹാരിസ് റൗഫ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സ് ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് മനസ്സുതുറന്ന് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഐസിസി ടി20 ലോകകപ്പിനിടെയാണ് ധോണിയുടെ ഒരു ജേഴ്സി തരാമോയെന്ന് താൻ ചോദിച്ചതെന്നും തനിക്ക് വേണ്ടത് ചെന്നൈ സൂപ്പർ കിങ്സിൻ്റെ ജേഴ്സിയാണെന്ന് പ്രത്യേകം പറഞ്ഞിരുന്നുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ഹാരിസ് റൗഫ് പറഞ്ഞു.

” കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിൻ്റെ ഒരു ഷർട്ട് തരാമോയെന്ന് ഞാൻ ചോദിച്ചു. പക്ഷേ ഇന്ത്യൻ ടീമിൻ്റെയല്ല ചെന്നൈ സൂപ്പർ കിങ്സിൻ്റെ ജേഴ്സികളിലൊന്ന് തരാമോയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തീർച്ചയായും അയച്ചുതരാമെന്ന് അദ്ദേഹം എനിക്ക് ഉറപ്പുതന്നു. ഓസ്ട്രേലിയയിൽ ആയിരുന്നപ്പോൾ എനിക്കത് ലഭിക്കുകയും ചെയ്തു. ” ഹാരിസ് റൗഫ് പറഞ്ഞു.

പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നതിന് മുൻപേ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന് വേണ്ടി നെറ്റ് ബൗളർമാരിൽ ഒരാളായിരുന്ന റൗഫ് ആ സമയത്തെ അനുഭവങ്ങളും പങ്കുവെച്ചു.

” ഇന്ത്യൻ ടീമിന് ഓസ്ട്രേലിയയിൽ ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാൻ നെറ്റ് ബൗളർമാരെ ആവശ്യമുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ താരങ്ങൾക്കെതിരെ പന്തെറിയുന്നത് മികച്ച അവസരമായിരിക്കുമെന്ന് ഞാൻ കരുതി. ചേതേശ്വർ പുജാര, വിരാട് കോഹ്ലി എന്നിവർക്കെതിരെ ഞാൻ ബൗൾ ചെയ്തു. ഹാർദിക് പാണ്ഡ്യയും എനിക്കൊപ്പം ബൗൾ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ നന്നായി ബൗൾ ചെയ്യുന്നുവെന്നും അധികം വൈകാതെ പാകിസ്ഥാന് വേണ്ടി കളിക്കുവാൻ എനിക്കാകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ” ഹാരിസ് റൗഫ് കൂട്ടിച്ചേർത്തു.