ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം കപിൽ ദേവിനൊപ്പമെത്താനുള്ള കഴിവ് ഹാർദിക് പാണ്ഡ്യയ്ക്കുണ്ടെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കപിൽ ദേവുമായി താരതമ്യം ചെയ്യുവാൻ ഇപ്പോൾ സാധിക്കുകയില്ലെങ്കിലും ഇനിയും 5-7 വർഷം വരെ കളിക്കുവാൻ സാധിച്ചാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ കപിൽ ദേവിൻ്റെ റെക്കോർഡിന് ഒപ്പമെത്താൻ ഹാർദിക്കിന് സാധിക്കുമെന്നും വസീം ജാഫർ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിൽ തകർപ്പൻ പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നും 5 വിക്കറ്റ് നേടിയ പാണ്ഡ്യ ഏകദിന പരമ്പരയിൽ 6 വിക്കറ്റും 100 റൺസും നേടി പ്ലേയർ ഓഫ് ദി സിരീസ് അവാർഡും നേടിയിരുന്നു.
” തീർച്ചയായും കപിലിൻ്റെ റെക്കോർഡിനൊപ്പമെത്താനുള്ള കഴിവ് അവനുണ്ട്. കപിൽ ദേവ് എന്നത് വളരെ വലിയ പേരാണ്. അത്ര പെട്ടെന്ന് ഒരു നിഗമനത്തിൽ എത്തുവാൻ സാധിക്കുകയില്ല. അവന് ബാറ്റിങിൽ ഇതിനകം തന്നെ വലിയ കഴിവുണ്ട്, ഇതുപോലെ ബൗളിങ് തുടരുവാനും ഇനിയും ഒരു 5-7 വർഷം കൂടെ കളിക്കുവാനും സാധിച്ചാൽ കപിൽ ദേവിൻ്റെ റെക്കോർഡിന് അരികിലെത്തുവാൻ ഹാർദിക്കിന് സാധിക്കും. ” വസീം ജാഫർ പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ ഇതുവരെ 66 മത്സരങ്ങളിൽ നിന്നും 1386 റൺസ് നേടിയ പാണ്ഡ്യ 63 വിക്കറ്റും നേടിയിട്ടുണ്ട്. മറുഭാഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ കപിൽ ദേവ് 225 ഏകദിന മത്സരങ്ങളിൽ നിന്നും 253 വിക്കറ്റും ഒപ്പം 3783 റൺസും നേടിയിട്ടുണ്ട്.
