ഞെട്ടലിൽ ക്രിക്കറ്റ് ലോകം, ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഏവരെയും ഞെട്ടിച്ചുകൊണ്ട് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഏകദിന ക്രിക്കറ്റിൽ താൻ വിരമിക്കുകയാണെന്ന തീരുമാനം ബെൻ സ്റ്റോക്സ് ആരാധകരെ അറിയിച്ചത്. നാളെ സൗത്താഫ്രിക്കയ്ക്കെതിരെ നടക്കുന്ന ആദ്യ ഏകിനത്തോടെയാണ് ബെൻ സ്റ്റോക്സ് 50 ഓവർ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നത്.

( Picture Source: Twitter )

2011 ൽ ഇംഗ്ലണ്ടിന് വേണ്ടി ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സ്റ്റോക്സ് 104 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 39.45 ശരാശരിയിൽ 3 സെഞ്ചുറിയും 21 ഫിഫ്റ്റിയുമടക്കം 2019 റൺസ് നേടിയിട്ടുള്ള സ്റ്റോക്സ് 74 വിക്കറ്റുകൾ ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട്.

” ഇത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു, ഇംഗ്ലണ്ടിന് വേണ്ടി സഹതാരങ്ങൾക്കൊപ്പം കളിച്ച ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു. ഈ യാത്ര അവിസ്മരണീയമായിരുന്നു. ഈ ഫോർമാറ്റിൽ ഇനിയെൻ്റെ കഴിവിൻ്റെ നൂറ് ശതമാനവും നൽകാൻ കഴിയില്ലയെന്നതിനാൽ ഇത്തരമൊരു തീരുമാനത്തിലെത്തുകയെന്നത് അത്ര കഠിനമായിരുന്നില്ല. “

( Picture Source: Twitter )

” മൂന്ന് ഫോർമാറ്റുകൾ എനിക്കിപ്പോൾ താങ്ങാനാവുന്നില്ല. അത് മാത്രമല്ല ഈ ഷെഡ്യൂളും എൻ്റെ ശരീരത്തെ തളർത്തുന്നു. ജോസിനും ടീമിനും എല്ലാം നൽകാൻ കഴിവുള്ള മറ്റൊരു കളിക്കാരൻ്റെ സ്ഥാനം ഞാൻ തട്ടിയെടുക്കുന്നതായി എനിക്ക് തോന്നുന്നു. ഇത് മറ്റൊരാൾക്ക് ക്രിക്കറ്റർ എന്ന നിലയിൽ വളരാനും കഴിഞ്ഞ 11 വർഷം എനിക്ക് ലഭിച്ചതുപോലെയുള്ള അവിശ്വസനീയമായ ഓർമകൾ സൃഷ്ടിക്കാനുള്ള സമയമാണെന്ന് ഞാൻ കരുതുന്നു. ” തൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ സ്റ്റോക്സ് വ്യക്തമാക്കി.

” എന്നിൽ അവശേഷിക്കുന്നതെല്ലാം ഇനി ഞാൻ ടെസ്റ്റ് ക്രിക്കറ്റിന് നൽകും. ഇപ്പോൾ ഈ തീരുമാനത്തിലൂടെ ടി20 ഫോർമാറ്റിലും എൻ്റെ സമ്പൂർണ പ്രതിബദ്ധത തെളിയിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജോസ് ബട്ട്ലർക്കും മാത്യൂ മോട്ടിനും എല്ലാ വിജയങ്ങളും ഞാൻ ആശംസിക്കുന്നു. കഴിഞ്ഞ ഏഴ് വർഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ നമ്മൾ മികച്ച മുന്നേറ്റം നടത്തി, നമ്മുടെ ഭാവി ശോഭനീയമാണ്. ” ബെൻ സ്റ്റോക്സ് കുറിച്ചു.

( Picture Source: Twitter )