തകർപ്പൻ പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി സെഞ്ചുറി നേടിയ പന്തിൻ്റെ മികവിലാണ് അഞ്ച് വിക്കറ്റിൻ്റെ വിജയം നേടി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.

113 പന്തിൽ 16 ഫോറും 2 സിക്സുമടക്കം 125 റൺസ് നേടിയ റിഷഭ് പന്തായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിലെ സംസ്കാരത്തിൻ്റെ ഭാഗമായി ഷാംപെയ്ൻ ബോട്ടിലും പന്തിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് ലഭിച്ച ഷാംപെയ്ൻ ഇന്ത്യൻ ടീമിൻ്റെ മുൻ ഹെഡ് കോച്ചായ രവി ശാസ്ത്രിയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ടീമിൻ്റെ സെലിബ്രേഷന് ഷാംപെയ്ൻ ബോട്ടിലുമായി sky സ്പോർട്സിന് വേണ്ടി കമൻ്ററി പറയുകയായിരുന്നു രവി ശാസ്ത്രിയ്ക്ക് അരികിലെത്തികൊണ്ടാണ് പന്ത് ഷാംപെയ്ൻ രവി ശാസ്ത്രിയ്ക്ക് സമ്മാനിച്ചത്.
വീഡിയോ ;
Pant offering his champagne to Ravi Shastri#INDvENG #OldTrafford #Pant #TeamIndia pic.twitter.com/n9HguNNuID
— Tejesh R. Salian (@tejrsalian) July 17, 2022
ഏകദിന കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ റിഷഭ് പന്ത് നേടിയത്. മഹേന്ദ്ര സിങ് ധോണിയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് റിഷഭ് പന്ത്.

പന്തിൻ്റെയും ഹാർദിക് പാണ്ഡ്യയുടെയും ബാറ്റിങ് മികവിൽ 5 വിക്കറ്റിനാണ് മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസിൻ്റെ വിജയലക്ഷ്യം 42.1 ഓവറിൽ ഇന്ത്യ മറികടന്നു. 2014 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഇംഗ്ലണ്ടിൽ ഏകദിന പരമ്പര വിജയിക്കുന്നത്. കൂടാതെ 2015 ന് ശേഷം ഇംഗ്ലണ്ടിനെ ഏകദിന ക്രിക്കറ്റിൽ അവരുടെ നാട്ടിൽ പരാജയപെടുത്തുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. ഇതിന് മുൻപ് 2015 ലോകകപ്പിന് ശേഷം തങ്ങളുടെ സ്വന്തം നാട്ടിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇംഗ്ലണ്ട് പരാജയപെട്ടിരുന്നത്.
