മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനം, സച്ചിനും ഗാംഗുലിയ്ക്കും യുവരാജിനുമൊപ്പം സ്ഥാനം പിടിച്ച് ഹാർദിക് പാണ്ഡ്യ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ താരം മറുപടി ബാറ്റിങിൽ ഫിഫ്റ്റി നേടി ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, യുവരാജ് സിങ് അടക്കമുള്ളവർക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ.

7 ഓവറിൽ 24 റൺസ് നാല് വിക്കറ്റ് നേടിയ ഹാർദിക് ബാറ്റിങിൽ 55 പന്തിൽ 71 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ നാല് വിക്കറ്റും 50+ റൺസും നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ മാറി.

കെ ശ്രീകാന്ത്, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, യുവരാജ് സിങ് എന്നിവരാണ് ഇതിന് മുൻപ് ഒരു ഏകദിനത്തിൽ നാല് വിക്കറ്റും 50+ റൺസും നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ. ഇതിൽ ഗാംഗുലിയും യുവരാജ് സിങും രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സച്ചിനും ഗാംഗുലിയും യുവരാജ് സിങും ഒരു മത്സരത്തിൽ നാല് വിക്കറ്റ് നേടുകയും ഒപ്പം സെഞ്ചുറി നേടുകയും ചെയ്തിട്ടുണ്ട്. 1998 ൽ ധാക്കയിൽ ഓസ്ട്രേലിയക്കെതിരെയാണ് സച്ചിൻ ടെണ്ടുൽക്കർ നാല് വിക്കറ്റും സെഞ്ചുറിയും നേടിയത്. 1999 ൽ നാഗ്പൂരിൽ ശ്രീലങ്കയ്ക്കെതിരെ ഗാംഗുലി നാല് വിക്കറ്റും പുറത്താകാതെ 130 റൺസും നേടിയിരുന്നു. 2008 ൽ ഇംഗ്ലണ്ടിനെതിരെയാണ് നാല് വിക്കറ്റും സെഞ്ചുറിയും യുവരാജ് സിങ് നേടിയത്.

മൂന്ന് ഫോർമാറ്റിലും ഒരു മത്സരത്തിൽ നാല് വിക്കറ്റും 50+ റൺസും നേടുന്ന ആദ്യ ഇന്ത്യൻ പ്ലേയർ കൂടിയാണ് ഹാർദിക് പാണ്ഡ്യ. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 100 റൺസ് നേടിയ പാണ്ഡ്യ 6 വിക്കറ്റും നേടിയിരുന്നു. ഈ പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി സിരീസും താരം കരസ്ഥമാക്കി.