Skip to content

വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് അയർലൻഡ്, ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശ വിജയം

ന്യൂസിലൻഡിനെതിരെ വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് പരാജയം ഏറ്റുവാങ്ങി അയർലൻഡ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൺസിനാണ് ആതിഥേയരായ അയർലൻഡ് പരാജയപെട്ടത്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 361 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് നേടാനെ സാധിച്ചുള്ളൂ.

( Picture Source : Twitter )

സെഞ്ചുറി നേടിയ ഓപ്പണർ പോൾ സ്റ്റിർലിങും യുവതാരം ഹാരി ടെക്ടറുമാണ് അയർലൻഡ് നിരയിൽ തിളങ്ങിയത്. പോൾ സ്റ്റിർലിങ് 103 പന്തിൽ 14 ഫോറും 5 സിക്സുമടക്കം 120 റൺസ് നേടിയപ്പോൾ പരമ്പരയിലെ തൻ്റെ രണ്ടാം സെഞ്ചുറി നേടിയ ഹാരി ടെക്ടർ 106 പന്തിൽ 7 ഫോറും 5 സിക്സുമടക്കം 108 റൺസ് നേടി.

ഇരുവരും മൂന്നാം വിക്കറ്റിൽ 179 റൺസ് കൂട്ടിച്ചേർത്തിരിന്നു. എന്നാൽ കളിയുടെ നിർണായക ഘട്ടങ്ങളിൽ ഇരുവരും പുറത്തായത് ആതിഥേയർക്ക് തിരിച്ചടിയായി.

( Picture Source : Twitter )

കിവികൾക്ക് വേണ്ടി മാറ്റ് ഹെൻറി 68 റൺസ് വഴങ്ങി നാല് വിക്കറ്റും മിച്ചൽ സാൻ്റ്നർ മൂന്ന് വിക്കറ്റും ടിക്നർ ഒരു വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 126 പന്തിൽ 115 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ, 54 പന്തിൽ 79 റൺസ് നേടിയ ഹെൻറി നിക്കോൾസ്, 30 പന്തിൽ 47 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ന്യൂസിലൻഡ് സ്വന്തമാക്കി. മാർട്ടിൻ ഗപ്റ്റിലാണ് പ്ലേയർ ഓഫ് ദി മാച്ച്. മൈക്കൽ ബ്രേസ്വെല്ലാണ് പ്ലേയർ ഓഫ് ദി സിരീസ്.

( Picture Source : Twitter )