Skip to content

ഐസിസി ടി20 ലോകകപ്പ് യോഗ്യത നേടി നെതർലൻഡ്സും സിംബാബ്വെയും

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി നെതർലൻഡ്സും സിംബാബ്വെയും. ലോകകപ്പ് ക്വാളിഫയർ ബി ടൂർണമെൻ്റ് സെമിഫൈനലുകളിൽ പാപുവ ന്യൂ ഗ്വിനിയെയും അമേരിക്കയെയും പരാജയപെടുത്തിയാണ് നെതർലൻഡ്സും സിംബാബ്‌വെയെയും ഓസ്ട്രേലിയയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

ഒന്നാം സെമിഫൈനലിൽ പാപുവ ന്യൂ ഗ്വിനിയയെ 27 റൺസിന് പരാജയപ്പെടുത്തിയാണ് സിംബാബ്‌വെ ലോകകപ്പ് യോഗ്യത നേടിയത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാപുവ ന്യൂ ഗ്വിനിയക്ക് 20 ഓവറിൽ 172 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

( Picture Source : Twitter )

രണ്ടാം സെമിഫൈനലിൽ അമേരിക്കയെ 7 വിക്കറ്റിന് പരാജയപെടുത്തിയാണ് നെതർലൻഡ്സ് ലോകകപ്പ് യോഗ്യത നേടിയത്. മത്സരത്തിൽ യു എസ് എ ഉയർത്തിയ 139 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്സ് മറികടന്നു.

നേരത്തേ ക്വാളിഫയറിൽ എ യിൽ നിന്നും അയർലൻഡും യു എ ഇയും ലോകകപ്പ് യോഗ്യത നേടിയിരുന്നു. യോഗ്യത നേടിയ ഈ ടീമുകൾ വെസ്റ്റിൻഡീസ്, ശ്രീലങ്ക, സ്കോട്ലൻഡ്, നമീബിയ തുടങ്ങിയ ടീമുകളുമായി ആദ്യ റൗണ്ടിൽ ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്ന നാല് ടീമുകളായിരിക്കും ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, സൗത്താഫ്രിക്ക എന്നീ ടീമുകളായി സൂപ്പർ 12 ൽ ഏറ്റുമുട്ടുക.

ഒക്ടോബർ 16 നാണ് ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. ഒക്ടോബർ 22 ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക.

( Picture Source : Twitter )