Skip to content

ഈ സമയത്ത് എല്ലാ കളിക്കാർക്കും പിന്തുണ ആവശ്യമാണ്, കോഹ്ലിയെ പിന്തുണച്ചതിനെ കുറിച്ച് ബാബർ അസം

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പിന്തുണച്ച് കൊണ്ട് ക്രിക്കറ്റ് ലോകത്ത് കയ്യടി നേടിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കോഹ്ലി പുറത്തായതിന് പുറകെയാണ് ഈ സമയവും കടന്നുപോകും, കരുത്തോടെ ഇരിക്കൂവെന്ന് കോഹ്ലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ട്വീറ്റ് ചെയ്തത്. ഇപ്പോൾ അത്തരത്തിൽ ട്വീറ്റ് ചെയ്യാൻ പ്രേരിപ്പിച്ച കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ക്യാപ്റ്റൻ.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കോഹ്ലിയെ പിന്തുണച്ചുകൊണ്ടുള്ള ടീറ്റിനെ കുറിച്ച് ബാബർ അസം മനസ്സുതുറന്നത്.

” ഒരു കളിക്കാരൻ എന്ന നിലയിൽ അത്തരം സാഹചര്യത്തിലൂടെ കടന്നുപോകുമെന്ന് ( മോശം ഫോം) എനിക്കറിയാം. അത്തരമൊരു ഘട്ടത്തിൽ ചില സമയങ്ങളിൽ പിന്തുണ ആവശ്യമാണ്. എൻ്റെ വാക്കുകൾ പിന്തുണയാകുമെന്ന് കരുതിയാണ് ഞാൻ അത്തരത്തിൽ ട്വീറ്റ് ചെയ്തത്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. ” ബാബർ പറഞ്ഞു.

” അദ്ദേഹത്തിന് ക്രിക്കറ്റിൽ ഒരുപാട് എക്സ്പീരിയൻസുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നിന്നും കരകയറുന്നത് എങ്ങനെയെന്ന് അവനറിയാം. അതിന് തീർച്ചയായും സമയമെടുക്കും. ഈ സമയത്ത് അവരെ പിന്തുണയ്ക്കുകയാണെങ്കിൽ അത് ശരിക്കും നല്ലതായിരിക്കും. ” ബാബർ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാന് വേണ്ടി ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ജോ റൂട്ട്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവർക്ക് പുറകിൽ നാലാം സ്ഥാനത്തുള്ള ബാബർ ഏകദിന റാങ്കിങിലും ടി20 റാങ്കിങിലും ഒന്നാം സ്ഥാനത്താണുള്ളത്. മൂന്ന് ഫോർമാറ്റിലെ റാങ്കിങിലും ആദ്യ അഞ്ചിലുള്ള ഒരേയൊരു താരം കൂടിയാണ് ബാബർ അസം.