അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്, വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ ബട്ട്ലർ പിന്തുണച്ചത്. ഇത്രയേറെ മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ച കോഹ്ലിയുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലയെന്നും പ്രസ്സ് കോൺഫ്രൻസിൽ ബട്ട്ലർ പറഞ്ഞു.

” കോഹ്ലി ഒരു മനുഷ്യനാണെന്നും അവനും കുറഞ്ഞ സ്കോറുകളിൽ പുറത്താകുമെന്നതും ഒരു തരത്തിൽ ഞങ്ങൾക്ക് അൽപ്പം ആശ്വാസമാണ്. പക്ഷേ നോക്കൂ, അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, അല്ലെങ്കിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരൻ ”

” അവൻ വർഷങ്ങളായി ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നു, എല്ലാ ബാറ്റർമാരും ചില സമയങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത ഫോമിലൂടെ കടന്നുപോകും. എന്നാൽ തീർച്ചയായും ഒരു എതിർടീം ക്യാപ്റ്റൻ എന്ന നിലയിൽ അവനെ പോലെയൊരു താരത്തിൻ്റെ ക്ലാസ് പുറത്തുവരുമെന്ന് എനിക്കറിയാം. അത് ഞങ്ങൾക്കെതിരെ ആകരുതെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” ജോസ് ബട്ട്ലർ പറഞ്ഞു.

ഇന്ത്യൻ ടി20 ടീമിലെ വിരാട് കോഹ്ലിയുടെ സ്ഥാനത്തെ ആളുകൾ ചോദ്യം ചെയ്യുന്നത് തന്നെ അത്ഭുതപെടുത്തിയെന്നും കോഹ്ലിയുടെ റെക്കോർഡുകളും അവൻ ടീമിനെ വിജയിപ്പിച്ച മത്സരങ്ങളും നോക്കിയാൽ കോഹ്ലിയുടെ സ്ഥാനത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുവാൻ കഴിയുന്നതെന്നും ബട്ട്ലർ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് മത്സരത്തിലും ടി20 പരമ്പരയിലും തിളങ്ങാൻ സാധിക്കാതിരുന്ന കോഹ്ലി രണ്ടാം ഏകദിനത്തിൽ 25 പന്തിൽ 16 റൺസ് നേടിയാണ് പുറത്തായത്. ഈ വർഷം 18 മത്സരങ്ങളിൽ നിന്നും 25.50 ശരാശരിയിൽ 459 റൺസ് നേടാൻ മാത്രമേ കോഹ്ലിയ്ക്ക് സാധിച്ചിട്ടുള്ളൂ. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നടക്കുന്ന വിൻഡീസ് പര്യടനത്തിലും കോഹ്ലിയ്‌ക്ക് ബിസിസിഐ വിശ്രമം നൽകിയിട്ടുണ്ട്.