Skip to content

ഇന്ത്യ 146 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ശക്തമായി തിരിച്ചെത്തി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ലോർഡ്സിൽ നടന്ന മത്സരത്തിൽ 100 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 247 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 146 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പമെത്തി.

ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്. ഇതിനുമുൻപ് 1975 ൽ ഇതേ വേദിയിൽ 132 റൺസിന് ഇന്ത്യ പുറത്തായിരുന്നു. ഇത് രണ്ടാം തവണയാണ് ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ 150 ന് താഴെ സ്കോറിന് ഇന്ത്യ പുറത്താകുന്നത്.

( Picture Source : Twitter )

9.5 ഓവറിൽ 24 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ റീസ് ടോപ്ലേയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. 16 റൺസ് നേടിയ വിരാട് കോഹ്ലി, 27 റൺസ് നേടിയ സൂര്യകുമാർ യാദവ്, 29 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ, 29 റൺസ് നേടിയ രവീന്ദ്ര ജഡേജ, 23 റൺസ് നേടിയ മൊഹമ്മദ് ഷാമി എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. രോഹിത് ശർമ്മയും റിഷഭ് പന്തും പൂജ്യത്തിന് പുറത്തായി.

( Picture Source : Twitter )

നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 64 പന്തിൽ 47 റൺസ് നേടിയ മോയിൻ അലി, 49 പന്തിൽ 41 റൺസ് നേടിയ ഡേവിഡ് വില്ലി എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ജോണി ബെയർസ്റ്റോ 38 പന്തിൽ 38 റൺസും ലിയാം ലിവിങ്സ്റ്റൺ 33 റൺസും നേടി പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി യുസ്വേന്ദ്ര ചഹാൽ പത്തോവറിൽ 47 റൺസ് വഴങ്ങി നാല് വിക്കറ്റും ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ ഉന്ത്യയ്ക്കൊപ്പമെത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഞായറാഴ്ച്ചയാണ് പരമ്പരയിലെ അവസാന മത്സരം.

( Picture Source : Twitter )