അത് സച്ചിനും ദ്രാവിഡിനും എനിക്കും സംഭവിച്ചിട്ടുണ്ട്, കോഹ്ലി ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് സൗരവ് ഗാംഗുലി

മോശം ഫോമിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ശക്തമായി തിരിച്ചെത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. താൻ എത്രത്തോളം മികച്ച പ്ലേയറാണെന്ന് കോഹ്ലിയ്‌ക്ക് അറിയാമെന്നും ഫോമിൽ തിരിച്ചെത്താനുള്ള വഴികൾ കോഹ്ലി തീർച്ചയായും കണ്ടെത്തുമെന്നും ഈ സാഹചര്യത്തിലൂടെ എല്ലാ ക്രിക്കറ്റ് താരങ്ങളും കടന്നുപോയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

” അന്താരാഷ്ട്ര ക്രിക്കറ്റിലെ അവൻ്റെ നമ്പറുകൾ നോക്കൂ, കഴിവും നിലവാരവുമില്ലാതെ അത് സംഭവിക്കുമോ, അതെ മോശം സമയത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്. അത് അവന് തന്നെയറിയാം. തൻ്റെ നിലവാരം എന്താണെന്നും അതിനനുസരിച്ച് പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ലയെന്നും അവന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ അവൻ തീർച്ചയായും തിരിച്ചെത്തും. പക്ഷേ അതിനൊരു വഴി കണ്ടെത്തി വിജയിക്കേണ്ടതുണ്ട്. കഴിഞ്ഞ 12-13 വർഷമായി അവനത് തുടരുന്നു, അത് ചെയ്യുവാൻ വിരാട് കോഹ്ലിയ്‌ക്ക് മാത്രമേ സാധിക്കൂ. ” ഗാംഗുലി പറഞ്ഞു.

” മോശം ഫോം കായികരംഗത്ത് സംഭവിക്കും. എല്ലാവർക്കും അത് സംഭവിച്ചിട്ടുണ്ട്. സച്ചിനും രാഹുൽ ദ്രാവിഡും ഞാനും അടക്കമുള്ളവർ ഈ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഭാവിയിലെ താരങ്ങൾക്കും ഇത് സംഭവിക്കും. അതെല്ലാം സ്പോർട്സിൻ്റെ ഭാഗമാണ്. ഒരു സ്പോർട്സ്മാൻ എന്ന നിലയിൽ അതെന്താണെന്ന് മനസ്സിലാക്കുകയും അറിഞ്ഞിരിക്കുകയും വേണം. ” ഗാംഗുലി കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ട് പര്യടനത്തിൽ മോശം പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നും 31 റൺസ് മാത്രം നേടിയ കോഹ്ലി ടി20 പരമ്പരയിൽ 2 മത്സരങ്ങളിൽ നിന്നും 12 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരിക്ക് മൂലം കോഹ്ലി കളിച്ചിരുന്നില്ല.