തകർപ്പൻ നേട്ടത്തിൽ അഫ്രീദിയ്ക്കും ഗെയ്ലിനും ജയസൂര്യയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 111 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 58 പന്തിൽ പുറത്താകാതെ 76 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. ഇതിനുമുൻപ് മറ്റൊരു ഇന്ത്യൻ താരത്തിനും ഈ റെക്കോർഡ് സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല.

6 ഫോറും 5 സിക്സും മത്സരത്തിൽ രോഹിത് ശർമ്മ നേടിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റിൽ 250 സിക്സ് രോഹിത് ശർമ്മ പൂർത്തിയാക്കി. ഏകദിനത്തിൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ.

398 മത്സരങ്ങളിൽ നിന്നും 351 സിക്സ് നേടിയിട്ടുള്ള ഷാഹിദ് അഫ്രീദി, 301 മത്സരങ്ങളിൽ നിന്നും 331 സിക്സ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ, 440 മത്സരങ്ങളിൽ നിന്നും 270 സിക്സ് നേടിയിട്ടുള്ള സനത് ജയസൂര്യ എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുൻപ് ഏകദിന ക്രിക്കറ്റിൽ 250 സിക്സ് എന്ന നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്.

നിലവിലെ താരങ്ങളിൽ 184 സിക്സ് നേടിയ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ, 144 സിക്സ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ എന്നിവരാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മയ്‌ക്ക് പുറകിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് രോഹിത് ശർമ്മയുള്ളത്. 553 സിക്സ് നേടിയ ക്രിസ് ഗെയ്ൽ, 476 സിക്സ് നേടിയ ഷാഹിദ് അഫ്രീദി എന്നിവരാണ് ഹിറ്റ്മാന് മുൻപിലുള്ളത്. 471 സിക്സ് ഇതുവരെ മൂന്ന് ഫോർമാറ്റിൽ നിന്നുമായി രോഹിത് ശർമ്മ നേടിയിട്ടുണ്ട്.