Skip to content

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിനെ ഹർമൻപ്രീത് നയിക്കും, വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാന

ഈ മാസം ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. 1998 ന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ തിരിച്ചെത്തുന്നത്. ടി20 ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങൾ ജൂലൈ 29 മുതൽ ഓഗസ്റ്റ് ഏഴ് വരെ എഡ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ഇന്ത്യയടക്കം 8 ടീമുകളാണ് കോമൺവെൽത്ത് ഗെയിംസിനായി യോഗ്യത നേടിയത്. ഇന്ത്യയ്ക്കൊപ്പം ആതിഥേയരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സൗത്താഫ്രിക്ക, പാകിസ്ഥാൻ, വെസ്റ്റിൻഡീസിൽ നിന്നും ബാർബഡോസ് എന്നീ ടീമുകൾ ഐസിസി റാങ്കിങ് പ്രകാരം യോഗ്യത നേടിയപ്പോൾ ക്വാളിഫയർ വിജയിച്ചുകൊണ്ടാണ് ശ്രീലങ്ക യോഗ്യത നേടിയത്.

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീം ;

ഹർമൻപ്രീത് കൗർ (c), സ്മൃതി മന്ദാന (vc), ഷഫാലി വർമ, എസ്. മേഘന, തനിയാ ഭാട്ടിയ (wk), യാസ്തിക ഭാട്ടിയ (wk), ദീപ്തി ശർമ, രാജേശ്വരി ഗയക്വാദ്, പൂജ വസ്ത്രകർ, മേഘ്ന സിംഗ്, രേണുക താക്കൂർ, ജെമിമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ഡിയോൾ, സ്നേഹ റാണ.

ഗ്രൂപ്പ് എ യിൽ ഓസ്ട്രേലിയ, പാകിസ്ഥാൻ, ബാർബഡോസ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുള്ളത്. ജൂലൈ 29 ന് ശക്തരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ ഇംഗ്ലണ്ട്, ന്യൂസിലൻഡ്, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.