Skip to content

ഓസ്‌ട്രേലിയയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി ചണ്ഡിമൽ ; ശ്രീലങ്കയ്ക്ക് ആദ്യ ഇന്നിംഗ്‌സിൽ 190 റൺസ് ലീഡ്

ഓസ്‌ട്രേലിയയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ സന്ദർശകർ മുന്നോട്ട് വെച്ച ആദ്യ ഇന്നിംഗ്സ് സ്കോറായ 364 പിന്തുടർന്ന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ കൂറ്റൻ സ്‌കോർ. ചണ്ഡിമലിന്റെ ഡബിൾ സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക 181 ഓവറിൽ 554 റൺസ് നേടിയത്. 190 റൺസ് ലീഡും സ്വന്തമാക്കി.

326 പന്ത് നേരിട്ട ചണ്ഡിമൽ 5 സിക്‌സും 16 ഫോറും ഉൾപ്പെടെ 206 റൺസ് നേടി പുറത്താകാതെ നിന്നു. അഞ്ചാമനായി എത്തിയാണ് ടെസ്റ്റിലെ കന്നി ഡബിൾ സെഞ്ചുറി നേടി അവസാനം വരെ പുറത്താകാതെ നിന്നത്. അവസാന വിക്കറ്റിൽ രജിതയെ കൂട്ടുപിടിച്ച് 49 റൺസാണ് അടിച്ചു കൂട്ടിയത്.

ചണ്ഡിമലിനെ കൂടാതെ ശ്രീലങ്കൻ നിരയിൽ കരുണരത്നെ (86), കുസാൽ മെൻഡിസ് (85), മാത്യൂസ് (52), കമിണ്ടു മെൻഡിസ് (62) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിന്റെ നാലാം ദിനം പുരാഗമിക്കുകയാണ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഇതുവരെ 13 ഓവറിൽ 49 റൺസ് നേടിയിട്ടുണ്ട്. ഖവാജ (24), വാർണർ (24) എന്നിവരാണ് ക്രീസിൽ.

നേരെത്തെ ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ലെബുഷെയ്ന്റെയും (104) സ്റ്റീവ് സ്മിത്തിന്റെയും (145) സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്‌കോർ ഉയർത്തിയത്. ഇരുവരുടെയും 134 റൺസ് കൂട്ടുകെട്ട് ഓസ്‌ട്രേലിയയെ തകർച്ചയിൽ നിന്ന്‌ കരകയറ്റി.

നേരെത്തെ ആദ്യ മത്സരത്തിൽ ജയിച്ച ഓസ്‌ട്രേലിയയ്ക്ക് ഈ മത്സരം സമനിലയിൽ പിടിച്ചാൽ പരമ്പര നേടാനാകും. ഇനി ഒരു ദിവസം മാത്രം ശേഷിക്കെ ഓസ്‌ട്രേലിയൻ ബാറ്റർമാരെ പെട്ടെന്ന് വീഴ്ത്താൻ ആയാൽ ശ്രീലങ്കയ്ക്ക് ജയം സ്വന്തമാക്കി പരമ്പര  സമനിലയിലാക്കാം.