മുൻപിൽ റിക്കി പോണ്ടിങ് മാത്രം, ഇന്ത്യൻ ക്യാപ്റ്റനായി തുടർച്ചയായി പത്തൊമ്പതാം വിജയം കുറിച്ച് ഹിറ്റ്മാൻ

എഡ്ബാസ്റ്റണിൽ തകർപ്പൻ വിജയം നേടി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തിൽ 50 റൺസിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 49 റൺസിനാണ് ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. നാളെ ട്രെൻഡ് ബ്രിഡ്ജിൽ അവസാന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ വമ്പൻ റെക്കോർഡാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത്.

( Picture Source : Twitter )

തുടർച്ചയായ പത്തൊമ്പതാം വിജയമാണ് ഇന്ത്യൻ ക്യാപ്റ്റനായി എഡ്ബാസ്റ്റണിൽ രോഹിത് ശർമ്മ നേടിയത്. രോഹിത് ശർമ്മ നയിച്ച കഴിഞ്ഞ 19 മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യ പരാജയപെട്ടിട്ടില്ല. നാളെ നടക്കുന്ന മത്സരത്തിൽ വിജയിക്കുവാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പമെത്താൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും. 2008 ലാണ് തുടർച്ചയായ 20 മത്സരങ്ങളിൽ റിക്കി പോണ്ടിങ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്.

ടി20 ക്രിക്കറ്റിൽ രോഹിത് ശർമ്മയ്‌ക്ക് കീഴിൽ ഇന്ത്യ നേടുന്ന തുടർച്ചയായ പതിനാലാം വിജയം കൂടിയാണിത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 171 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 17 ഓവറിൽ 121 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറയും ചഹാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 29 പന്തിൽ പുറത്താകാതെ 46 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 170 റൺസ് നേടിയത്. ഭുവനേശ്വർ കുമാറാണ് പ്ലേയർ ഓഫ് ദി മാച്ച്.

( Picture Source : Twitter )