അത് നല്ലതെന്ന് അറിയാം, പക്ഷേ വേറെ വഴിയില്ല, ക്യാപ്റ്റൻസി പരീക്ഷണങ്ങളെ കുറിച്ച് സൗരവ് ഗാംഗുലി

വിരാട് കോഹ്ലി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം 7 വ്യത്യസ്ത ക്യാപ്റ്റന്മാരാണ് മൂന്ന് ഫോർമാറ്റിലുമായി കഴിഞ്ഞ വർഷം ഇന്ത്യയെ നയിച്ചത്. ഇന്ത്യൻ ടീം നേരിടുന്ന ഈ പുതിയ സാഹചര്യം നല്ലതെന്ന് അറിയാമെന്നും പക്ഷേ മറ്റു വഴികൾ ഇല്ലെന്നും പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി.

സൗത്താഫ്രിക്കൻ വിരാട് കോഹ്ലി ടെസ്റ്റ് ടീമിനെ നയിച്ചപ്പോൾ ഒരു ടെസ്റ്റിലും പിന്നീട് ഏകദിന പരമ്പരയിലും കെ എൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. പിന്നീട് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്തും അയർലൻഡിനെതിരായ പരമ്പരയിൽ ഹാർദിക് പാണ്ഡ്യയും എഡ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ജസ്പ്രീത് ബുംറയും ഇന്ത്യയെ നയിച്ചു. ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരയ്ക്ക് ശേഷം നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലാകട്ടെ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.

” ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഏഴ് വ്യത്യസ്ത ക്യാപ്റ്റന്മാർ ഉണ്ടാകുന്നത് ടീമിന് ഗുണകരമാകില്ലെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ അത് സംഭവിക്കുന്നത് ഒഴിവാക്കാനാകാത്ത സാഹചര്യം മൂലമാണ്. സൗത്താഫ്രിക്കയ്ക്കെതിരായ പര്യടനത്തിൽ ടീമിനെ നയിക്കാൻ രോഹിത് തയ്യാറായിരുന്നു പക്ഷേ അതിന് മുൻപേ അവന് പരിക്ക് പറ്റി. അതുകൊണ്ട് തന്നെ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ടീമിനെ നയിക്കേണ്ടിവന്നു. പിന്നീട് സൗത്താഫ്രിക്കയ്ക്കെതിരായ ഹോം സിരീസിൽ പരമ്പര തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപേ കെ എൽ രാഹുലിനും പരിക്ക് പറ്റി. ” ഗാംഗുലി പറഞ്ഞു.

” ഇംഗ്ലണ്ടിൽ സന്നാഹ മത്സരത്തിനിടെ രോഹിത് കോവിഡ് ബാധിതനായി. ഈ അവസ്ഥകളിൽ ആരും കുറ്റക്കാരല്ല. കളിക്കാർക്ക് ഇടവേളകൾ നൽകേണ്ടത്, അതിനിടെ പരിക്കും വില്ലനാകുന്നു. കളിക്കാരുടെ ജോലിഭാരവും കണക്കിൽ എടുക്കേണ്ടതുണ്ട്. രാഹുൽ ദ്രാവിഡിൻ്റെ കാര്യത്തിൽ കഷ്ടമുണ്ട്, ഒഴിവാക്കാനാകാത്ത സാഹചര്യം മൂലം പുതിയ ക്യാപ്റ്റന്മാരെ നമുക്ക് വേണ്ടിവരുന്നു. ” ഗാംഗുലി കൂട്ടിച്ചേർത്തു.