ഹാർദിക് ദി ഹീറോ, ആദ്യ ടി20 യിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ടർ മികവിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സൗത്താപ്ടണിൽ നടന്ന മത്സരത്തിൽ 50 റൺസിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്തത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ജോസ് ബട്ട്ലർക്കും കൂട്ടർക്കും 19.3 ഓവറിൽ 148 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source :. Twitter )

ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ ഗോൾഡൻ ഡക്കാക്കികൊണ്ട് ഭുവനേശ്വർ കുമാറാണ് ഇംഗ്ലണ്ടിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തുടർന്ന് അഞ്ചാം ഓവർ എറിയാനെത്തിയ ഹാർദിക് പാണ്ഡ്യ 14 പന്തിൽ 21 റൺസ് നേടിയ ഡേവിഡ് മലാനെയും ലിയാ ലിവിങ്സ്റ്റണെയും പുറത്താക്കുകയും തൻ്റെ തൊട്ടടുത്ത ഓവറിൽ 16 പന്തിൽ 4 റൺസ് നേടിയ ജേസൺ റോയിയെ പുറത്താക്കികൊണ്ട് ഇംഗ്ലണ്ടിൻ്റെ മുൻനിരയെ തകർക്കുകയും ചെയ്തു. മത്സരത്തിൽ നാലോവറിൽ 33 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ഹാർദിക് പാണ്ഡ്യ വീഴ്ത്തിയത്.

( Picture Source :. Twitter )

യുസ്വെന്ദ്ര ചഹാലും അരങ്ങേറ്റക്കാരൻ അർഷ്ദീപ് സിങും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.

20 പന്തിൽ 36 റൺസ് നേടിയ മൊയിൻ അലിയും 28 റൺസ് നേടിയത് ഹാരി ബ്രൂക്‌സും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 33 പന്തിൽ 51 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ, 19 പന്തിൽ 39 റൺസ് നേടിയ സൂര്യകുമാർ യാദവ്, 17 പന്തിൽ 33 റൺസ് നേടിയ ദീപക് ഹൂഡ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മ 14 പന്തിൽ 24 റൺസ് നേടി പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ക്രിസ് ജോർദാൻ മാത്രമാണ് മികവ് പുലർത്തിയത്. മോയിൻ അലി രണ്ടോവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി.

വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിലെത്തി. ജൂലൈ 9 ന് എഡ്ബാസ്റ്റണിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source :. Twitter )