സ്റ്റാർക്കിനെതിരെയും കമ്മിൻസിനെതിരെയും അവർ എന്തുചെയ്യുമെന്ന് നോക്കാം, ബാസ്ബോൾ വെല്ലുവിളിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ പുതിയ ആക്രമണ ബാസ്ബോൾ ശൈലിയിൽ ഭയമില്ലെന്ന് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിൻ്റെ പുതിയ സമീപനം കാണുവാൻ രസകരമാണെന്നും എന്നാൽ അത് സുസ്ഥിരമാണെന്ന് തോന്നുന്നില്ലയെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ബ്രണ്ടൻ മക്കല്ലവും ബെൻ സ്റ്റോക്സും നേതൃത്വ സ്ഥാനം ഏറ്റെടുത്തതിന് പുറകെയാണ് ബാസ്ബോൾ സമീപനം ഇംഗ്ലണ്ട് നടപ്പിലാക്കിയത്. ഇരുവർക്കും കീഴിൽ ന്യൂസിലൻഡിനെ 3-0 ന് തകർത്ത ഇംഗ്ലണ്ട് റീ ഷെഡ്യൂൾ ചെയ്ത അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ അനായാസം പരാജയപെടുത്തുകയും ചെയ്തു. നാല് മത്സരത്തിലും 250+ റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്. 

” മത്സരം ഞാൻ കുറച്ച് കണ്ടിരുന്നു. അത് തീർച്ചയായും ആസ്വാദ്യകരമാണ്. അവർ അവരുടെ ഷോട്ടുകൾ കളിക്കുകയാണ്. അലക്സ് ലീസിനെ പോലെയൊരു താരം പോലും ക്രീസ് വിട്ടിറങ്ങി ഷോട്ടുകൾ കളിച്ചുതുടങ്ങി. ” സ്റ്റീവ് സ്മിത്ത് പറഞ്ഞു.

” പക്ഷേ അൽപ്പം ഗ്രാസുള്ള പിച്ചുകളിൽ ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും നിങ്ങൾക്ക് നേരെ പന്തെറിയുമ്പോൾ ഇത്തരത്തിൽ ബാറ്റ് ചെയ്യുവാൻ അവർക്കാകുമോ ? അപ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് കാണാം. ” സ്മിത്ത് കൂട്ടിച്ചേർത്തു.

” ഞങ്ങൾ ബാസ്ബോളിനെ കുറിച്ച് തമാശ പറയുകയാണ്. ഞങ്ങളുടെ കോച്ചിന് ബാസ്ബോളിനെ കുറിച്ച് കേട്ട് മതിയായെന്ന് ഞാൻ കരുതുന്നു. അതിനെ കുറിച്ച് ചർച്ച ചെയ്യുന്നത് രസകരമാണ്. തീർച്ചയായും ഈ സമീപനം ആവേശകരമാണ്. അത് സുസ്ഥിരമാണെങ്കിൽ അത് എത്രനാൾ നിലനിൽക്കുമെന്ന് കാണാൻ എനിക്ക് ആകാംക്ഷയുണ്ട്. ഇംഗ്ലണ്ടിനെതിരായ ഞങ്ങളുടെ അവസാന ടെസ്റ്റ് നിങ്ങൾ കണ്ടതല്ലേ. ട്രാവിസ് ഹെഡും ലാബുഷെയ്നും ഇത്തരത്തിൽ കളിച്ചപ്പോൾ ഇംഗ്ലണ്ട് ബൗളർമാർ സമ്മർദ്ദത്തിലായി. ആ സമയത്ത് ആ സമീപനം വിജയിച്ചു. എല്ലാ സമയത്തും ഇത് പ്രായോഗികമാണോ ? എനിക്ക് സംശയമുണ്ട്. ” സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേർത്തു.