അവൻ ഞങ്ങളുടെ ടീമിന് യോജിച്ച താരമാണ്, റിഷഭ് പന്തിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് ശൈലി വെച്ചുനോക്കിയാൽ നിലവിലെ ഇംഗ്ലണ്ട് ടീമിൽ ഇടം നേടുവാൻ യോഗ്യനായ താരമാണ് റിഷഭ് പന്തെന്നും സ്റ്റോക്സ് പറഞ്ഞു.

ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് വിജയിച്ച എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മികവ് പുറത്തെടുത്തത് റിഷഭ് പന്ത് മാത്രമായിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്.

” റിഷഭ് പന്തിൻ്റെ ഇന്നിങ്സ് നോക്കൂ, അവൻ ഇപ്പോൾ ഞങ്ങളുടെ ടീമിൽ നന്നായി ചേരുന്ന ഒരാളാണ്. അവൻ കളിയെ സമീപിക്കുന്ന രീതിയും അവൻ്റെ ബാറ്റിങും കാണുന്നത് അവിസ്മരണീയമായിരുന്നു. ബാറ്റിങ് ശൈലി കാരണം മുൻപ് ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുള്ള ഒരാളായിരുന്നു അവൻ. പക്ഷേ ഇപ്പോൾ അതേ ശൈലിയിലൂടെ അവൻ കയ്യടി നേടുന്നു. അവനെ പോലെയുള്ള കളിക്കാർ അവർ ആഗ്രഹിക്കുന്ന രീതിയിൽ കളിച്ച് എത്രത്തോളം വിജയം നേടുന്നുവോ അത്രത്തോളം ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള നെഗറ്റിവിറ്റിയിൽ കുറവുണ്ടാകും. ” സ്റ്റോക്സ് പറഞ്ഞു.

” അവനെ പോലെയുള്ള താരങ്ങളെ കാണുന്നത് ആവേശകരമാണ്. കാരണം ക്രിക്കറ്റ് ഒരു വിനോദ ബിസിനസ്സ് കൂടിയാണ്, അതെ തീർച്ചയായും മത്സരഫലം ആവശ്യമാണ്. അതിനൊപ്പം തന്നെ ആളുകളും അത് ആസ്വദിക്കേണ്ടതുണ്ട്. അതിപ്പോൾ വ്യത്യസ്തമായികൊണ്ടിരിക്കുകയാണ്, അതുകൊണ്ട് തന്നെ റിഷഭ് പന്തിന് ആശംസകൾ. ” സ്റ്റോക്സ് കൂട്ടിച്ചേർത്തു.

അഞ്ചാം ടെസ്റ്റിലെ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തുവാൻ പന്തിന് സാധിച്ചു. റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് റിഷഭ് പന്ത്. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും റിഷഭ് പന്താണ്. 5 മത്സരങ്ങളിൽ നിന്നും 66 ന് മുകളിൽ ശരാശരിയിൽ ഈ വർഷം 532 റൺസ് പന്ത് നേടിയിട്ടുണ്ട്.