Skip to content

ഏകദിന ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ക്യാപ്റ്റനായി ശിഖാർ ധവാൻ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഈ മാസം നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഓപ്പണർ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. അയർലൻഡിനെതിരെ തിളങ്ങിയ സഞ്ജു സാംസണെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

ജൂലൈ 22 നാണ് വെസ്റ്റിൻഡീസ് പര്യടനത്തിലെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവർ പരമ്പര ജൂലൈ 17 നാണ് അവസാനിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും ഇന്ത്യ കളിക്കും. ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാൽ മുതിർന്ന താരങ്ങൾ ടി20 പരമ്പരയിൽ കളിച്ചേക്കും.

ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ഇഷാൻ കിഷനും സഞ്ജു സാംസണുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. യുസ്വെന്ദ്ര ചഹാൽ, അക്ഷർ പട്ടേൽ, ആവേശ് ഖാൻ, പ്രസീദ് കൃഷ്ണ, മൊഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ ബൗളർമാർ. അയർലൻഡിനെതിരെ ഇന്ത്യയെ നയിച്ച ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപെടുത്തിയിട്ടില്ല.

ഏകദിന പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിൽ ; ശിഖർ ധവാൻ (c), രവീന്ദ്ര ജഡേജ (vc), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (wk), സഞ്ജു സാംസൺ (wk), ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അവേഷ് ഖാൻ , പ്രസിദ് കൃഷ്ണ, മൊഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്