ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ പാകിസ്ഥാന് പുറകിലേക്ക്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിലെ തോൽവിയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ പരാജയത്തിന് പുറമെ മോശം ഓവർ നിരക്കിനെ തുടർന്ന് രണ്ട് പോയിൻ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി.

( Picture Source : Twitter )

പരാജയത്തിനൊപ്പം രണ്ട് പോയിൻ്റുകൾ കൂടെ നഷ്ടപെട്ടതോടെ പോയിൻ്റ് ടേബിളിൽ പാകിസ്ഥാന് പുറകിൽ നാലാം സ്ഥാനത്തേക്ക് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റുകൾ കൂടിയായ ഇന്ത്യ പിന്തളളപ്പെട്ടു. ചാമ്പ്യൻഷിപ്പിലെ നാലാം പരാജയമാണ് എഡ്ബാസ്റ്റണിൽ ഇന്ത്യ ഏറ്റുവാങ്ങിയത്. 52.08 പോയിൻ്റ് ശതമാനമാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. നാല് പരമ്പരകൾ കളിച്ച ഇന്ത്യയ്ക്ക് 6 മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

( Picture Source : Twitter )

ഇതുവരെ ഒരു മത്സരത്തിൽ പോലും പരാജയപെടാത്ത ഓസ്ട്രേലിയയാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. മൂന്ന് പരമ്പരകളിൽ 6 മത്സരങ്ങൾ വിജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളിൽ സമനില നേടിയിരുന്നു. 5 മത്സരങ്ങളിൽ വിജയിക്കുകയും രണ്ട് മത്സരങ്ങളിൽ മാത്രം പരാജയപെടുകയും ചെയ്ത സൗത്താഫ്രിക്കയാണ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയ്ക്കെതിരെ ചരിത്രവിജയം നേടിയെങ്കിലും പോയിൻ്റ് ടേബിളിൽ വെസ്റ്റിൻഡീസിനും ശ്രീലങ്കയ്ക്കും പുറകിൽ ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഉള്ളത്.

ബംഗ്ലാദേശിൽ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യയിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയും മാത്രമാണ് ഇനി ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഈ 6 മത്സരങ്ങളിൽ ആറിലും വിജയിച്ചാൽ മാത്രമേ ഫൈനലിൽ പ്രവേശിക്കുവാൻ ഇന്ത്യയ്ക്ക് സാധിക്കൂ.

( Picture Source : Twitter )