Skip to content

ഇന്ത്യ 450 റൺസ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ 450 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇന്ത്യയ്ക്കെതിരായ ചരിത്രവിജയത്തിന് ശേഷം പ്രതികരിക്കവെയാണ് തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ സ്റ്റോക്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

( Picture Source : Twitter )

ഇന്ത്യ ഉയർത്തിയ 378 റൺസിൻ്റെ വിജയലക്ഷ്യം അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇംഗ്ലണ്ട് അനായാസം മറികടന്നിരുന്നു. ഇന്ത്യയ്ക്കെതിരെ മാത്രമല്ല ന്യൂസിലൻഡിനെതിരെയും സമാനമായ രീതിയിൽ വിജയം നേടിയാണ് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരിയത്. ന്യൂസിലൻഡിനെതിരെ ആദ്യ മത്സരത്തിൽ 277 റൺസിൻ്റെയും രണ്ടാം മത്സരത്തിൽ 299 റൺസിൻ്റെയും മൂന്നാം മത്സരത്തിൽ 296 റൺസിൻ്റെയും വിജയലക്ഷ്യം പിന്തുടർന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്.

” അവർ ഇതുപോലെ കളിക്കുമ്പോൾ എൻ്റെ ജോലി എളുപ്പമാവുകയാണ്, ഡ്രസിങ് റൂമിൽ വ്യക്തതയുള്ളപ്പോൾ ഇത്തരം ടോട്ടലുകൾ പിന്തുടരുന്നത് എളുപ്പമാണ്. 378 റൺസിൻ്റെ വിജയലക്ഷ്യം ഏതാനും ആഴ്ചകൾക്ക് മുൻപ് ഭയപ്പെടുത്തുമായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ജോണിയ്ക്കും റൂട്ടിനും എല്ലാ ക്രെഡിറ്റും അർഹിക്കുന്നു. പക്ഷേ ബുംറയ്ക്കും ഷാമിയ്ക്കുമെതിരെ ഓപ്പണർമാർ ന്യൂ ബോളിൽ കളിച്ച രീതിയാണ് കളി മാറ്റിയത്. ” ബെൻ സ്റ്റോക്സ് പറഞ്ഞു.

( Picture Source : Twitter )

” ഞങ്ങൾക്ക് പരാതികളില്ല, ചില സമയങ്ങളിൽ ടീമുകൾ നമ്മളെക്കാൾ മികച്ചവരായിരിക്കും പക്ഷേ അവരൊന്നും നമ്മളെക്കാൾ ധൈര്യശാലികളല്ല, ജാക്ക് ലീച്ചിൻ്റെ വാക്കുകളാണിത്. ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രീതിയെ തിരുത്തിയെഴുതാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചകളിലെ ഞങ്ങളുടെ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾക്ക് ലഭിച്ച പിന്തുണ അതിശയകരമാണ്. പുതിയ തലമുറയെ പ്രചോദിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ ആരാധകരെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകർഷിക്കേണ്ടതുണ്ട്. ”

” ഞങ്ങൾ എന്തുചെയ്യുമെന്നറിയാൻ അവർ 450 റൺസിന് മേലെ റൺസ് നേടണമെന്ന് പോലും ഞാൻ ആഗ്രഹിച്ചിരുന്നു. ” ബെൻ സ്റ്റോക്സ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )