സെഞ്ചുറിയുമായി ജോ റൂട്ടും ബെയർസ്റ്റോയും, എഡ്ബാസ്റ്റണിൽ ചരിത്രവിജയം കുറിച്ച് ഇംഗ്ലണ്ട്, പരമ്പര സമനിലയിൽ

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ചരിത്രവിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. 378 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം മറികടന്നാണ് ചരിത്രവിജയം ഇംഗ്ലണ്ട് കുറിച്ചത്. 378 റൺസിൻ്റെ വിജയലക്ഷ്യം സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെയും ജോണി ബെയർസ്റ്റോയുടെയും മികവിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇംഗ്ലണ്ടിൻ്റെ വിജയകരമായ ഏറ്റവും വലിയ റൺ ചേസാണിത്. 2019 ൽ നടന്ന ആഷസ് പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ 362 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചതായിരുന്നു ഇതിന് മുൻപ് ഇംഗ്ലണ്ടിൻ്റെ ഏറ്റവും വലിയ റൺ ചേസ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ഒരു ടീമിൻ്റെ ഏറ്റവും വലിയ റൺ ചേസ് കൂടിയാണിത്.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 28 ആം സെഞ്ചുറി നേടിയ ജോ റൂട്ട് 173 പന്തിൽ 19 ഫോറും ഒരു സിക്സുമടക്കം 142 റൺസ് നേടിയപ്പോൾ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി കുറിച്ച ജോണി ബെയർസ്റ്റോ 145 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം 114 റൺസും നേടി.

( Picture Source : Twitter )

നേരത്തേ ആദ്യ ഇന്നിങ്സിൽ 132 റൺസിൻ്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 245 റൺസ് നേടിയാണ് പുറത്തായത്. 66 റൺസ് നേടിയ പുജാരയും 57 റൺസ് നേടിയ റിഷഭ് പന്തും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നാല് വിക്കറ്റും ബ്രോഡ്, മാറ്റി പോട്ട്‌സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇന്ത്യയുടെ ലീഡ് 132 റൺസിൽ ഒതുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചത്. ആദ്യ ഇന്നിങ്സിൽ 146 റൺസ് നേടിയ റിഷഭ് പന്ത്, 104 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെയും മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. ആദ്യ മൂന്ന് ദിനത്തിൽ മേധാവിത്വം പുലർത്തിയ ഇന്ത്യയ്ക്ക് നാലാം ദിനത്തിലും അഞ്ചാം ദിനത്തിലും മികവ് പുലർത്താൻ സാധിച്ചില്ല.

ഇംഗ്ലണ്ടിൻ്റെ വിജയത്തോടെ പരമ്പര 2-2 ന് സമനിലയിൽ കലാശിച്ചു.

( Picture Source : Twitter )