Skip to content

ഇംഗ്ലണ്ടിന് വേണ്ടത് 119 റൺസ്, ഇന്ത്യയ്ക്ക് വേണ്ടത് 7 വിക്കറ്റ്, എഡ്ബാസ്റ്റൺ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ നാലാം ദിനത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ആതിഥേയരായ ഇംഗ്ലണ്ട്. ആദ്യ മൂന്ന് ദിനവും ഇന്ത്യ മേധാവിത്വം പുലർത്തിയപ്പോൾ നാലാം ദിനത്തിൽ തിരിച്ചെത്തിയ ഇംഗ്ലണ്ട് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. നാലാം ദിനം കളി അവസാനിക്കുമ്പോൾ 378 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് നേടിയിട്ടുണ്ട്.

( Picture Source : Twitter )

76 റൺസ് നേടിയ ജോ റൂട്ടും 72 റൺസ് നേടിയ ജോണി ബെയർസ്റ്റോയുമാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്. 119 റൺസാണ് മത്സരത്തിൽ ചരിത്രവിജയം കുറിക്കാൻ ഇംഗ്ലണ്ടിന് വേണ്ടത്. എന്നാൽ അഞ്ചാം ദിനത്തിൽ ഇന്ത്യയ്ക്കിനിയും തിരിച്ചുവരവിനുള്ള സാധ്യതകളുണ്ട്.

മികച്ച തുടക്കമാണ് അലക്സ് ലീസും സാക് ക്രോലെയും ഇംഗ്ലണ്ടിന് വേണ്ടി നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 107 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പിന്നീട് ഇരുവർക്കുമൊപ്പം ഒല്ലി പോപ്പിനെയും പുറത്താക്കി തിരിച്ചുവരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചുവെങ്കിലും ജോ റൂട്ടും ബെയർസ്റ്റോയും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബുംറയാണ് രണ്ട് വിക്കറ്റും നേടിയത്. ഫിഫ്റ്റി നേടിയ അലക്സ് ലീസ് റണ്ണൗട്ടാവുകയായിരുന്നു.

( Picture Source : Twitter )

132 റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 245 റൺസ് നേടിയാണ് പുറത്തായത്. 66 റൺസ് നേടിയത് ചേതേശ്വർ പുജാരയും 57 റൺസ് നേടിയ റിഷഭ് പന്തും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നാല് വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ്, മാറ്റി പോട്ട്സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ആൻഡേഴ്സൺ, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )