ഷോർട്ട് ബോൾ കെണിയൊരുക്കാൻ നിർദ്ദേശിച്ച് മക്കല്ലം, പ്രതീക്ഷ തെറ്റിക്കാതെ കെണിയിൽ വീണ് ശ്രേയസ് അയ്യർ, വീഡിയോ

വീണ്ടും ഇംഗ്ലണ്ടിൻ്റെ ഷോർട്ട് ബോൾ കെണിയിൽ വീണ് ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ. ആദ്യ ഇന്നിങ്സിലെന്ന പോലെ രണ്ടാം ഇന്നിങ്സിലും അയ്യർ ക്രീസിലെത്തിയതിന് പുറകെ ഷോർട്ട് ബോളുകൾ കൊണ്ട് ഇംഗ്ലണ്ട് താരത്തെ ആക്രമിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ ജെയിംസ് ആൻഡേഴ്സണ് മുൻപിൽ വീണ അയ്യരെ രണ്ടാം ഇന്നിങ്സിൽ മാറ്റ് പോട്ട്സാണ് പുറത്താക്കിയത്.

( Picture Source : Twitter )

അയ്യർ ക്രീസിലെത്തിയതിന് പുറകെ ഷോർട്ട് ബോൾ ട്രാപ്പ് ഒരുക്കുവാൻ ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം നിർദേശം നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മക്കല്ലത്തിൻ്റെ പ്രതീക്ഷ തെറ്റിക്കാതെ അയ്യർ കെണിയിൽ വീഴുകയും ചെയ്തു. ഐ പി എല്ലിൽ ഈ സീസണിൽ ഒരുമിച്ച് പ്രവർത്തിച്ചത് അയ്യരെ വീഴ്ത്താൻ സഹായിച്ചുവെന്നാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്.

വീഡിയോ ;

ആദ്യ ഇന്നിങ്സിലും ഷോർട്ട് ബോളിൽ തന്നെയാണ് അയ്യർ പുറത്തായത്. അയ്യർ പുറത്തായതിന് പുറകെ ജോ റൂട്ട് ഡ്രസിങ് റൂമിലുണ്ടായിരുന്ന മക്കല്ലത്തിന് നേരെ കൈചൂണ്ടുകയും ചെയ്തിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ നാലാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടിയിട്ടുണ്ട്. 17 റൺസ് നേടിയ രവീന്ദ്ര ജഡേജയും 13 റൺസ് നേടിയ മൊഹമ്മദ് ഷാമിയുമാണ് ക്രീസിലുള്ളത്. 66 റൺസ് നേടിയ ചേതേശ്വർ പുജാരയും 57 റൺസ് നേടിയ റിഷഭ് പന്തുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. അയ്യർ 17 റൺസ് നേടി പുറത്തായപ്പോൾ ഷാർദുൽ താക്കൂർ 4 റൺസ് മാത്രം നേടി പുറത്തായി. 361 റൺസിൻ്റെ ലീഡാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്.

( Picture Source : Twitter )