ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിലെ സെഞ്ചുറിയ്‌ക്ക് പുറമെ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ആദ്യ ഇന്നിങ്സിൽ 111 പന്തിൽ 20 ഫോറും 4 സിക്സുമടക്കം 146 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ 57 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് പന്ത് സ്വന്തമാക്കി.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇന്ത്യയ്ക്ക് പുറത്ത് ഒരു മത്സരത്തിൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടുന്നത്. ഇതിനുമുൻപ് 1973 ൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായിരുന്ന ഫറൂഖ് എഞ്ചിനീർ ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടിയിട്ടുണ്ടെങ്കിലും മുംബൈയിലാണ് അദ്ദേഹം ആ നേട്ടം കൈവരിച്ചത്.

( Picture Source : Twitter )

രണ്ട് ഇന്നിങ്സിൽ നിന്നുമായി 203 റൺസാണ് മത്സരത്തിൽ പന്ത് നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് പുറത്ത് ഒരു ടെസ്റ്റ് മത്സരത്തിൽ ഇരുനൂറിലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും പന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിദേശ വിക്കറ്റ് കീപ്പർ കൂടിയാണ് റിഷഭ് പന്ത്. 1950 ൽ 182 റൺസ് നേടിയ ക്ലൈഡ് വാൽകോട്, 2001 ൽ 152 റൺസ് നേടിയ ആദം ഗിൽക്രിസ്റ്റ്, 2011 ൽ 151 റൺസ് നേടിയ എം എസ് ധോണി എന്നിവരെയാണ് പന്ത് പിന്നിലാക്കിയത്.

ഒരു ടെസ്റ്റ് മത്സരത്തിൽ 200 ലധികം റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് റിഷഭ് പന്ത്. 1964 ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ 230 റൺസ് നേടിയ ഭൂദി കണ്ടെരൻ, 2013 ൽ ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെ 224 റൺസ് നേടിയ എം എസ് ധോണിയുമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter )