വെറും 89 പന്തിൽ സെഞ്ചുറിയുമായി റിഷഭ് പന്ത്, ആവേശത്തോടെ ആഘോഷിച്ച് ഡ്രസിങ് റൂം, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. വെറും 89 പന്തിൽ നിന്നാണ് എഡ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ മത്സരത്തിൽ റിഷഭ് പന്ത് സെഞ്ചുറി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ പന്തിൻ്റെ അഞ്ചാം സെഞ്ചുറിയാണിത്.

( Picture Source : Twitter )

ഇംഗ്ലണ്ടിൽ പന്ത് നേടുന്ന രണ്ടാം സെഞ്ചുറി കൂടിയാണിത്. ഇതിനുമുൻപ് 2018 ൽ നടന്ന പര്യടനത്തിൽ ഓവലിൽ പന്ത് സെഞ്ചുറി നേടിയിരുന്നു. ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്കും ഇംഗ്ലണ്ടിൽ ഒരു സെഞ്ചുറി പോലും നേടുവാൻ സാധിച്ചിട്ടില്ല. മത്സരത്തിൽ സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി പന്ത് നേടിയ ഈ സെഞ്ചുറി ആവേശത്തോടെയാണ് ഇന്ത്യൻ ഡ്രസിങ് റൂം ആഘോഷിച്ചത്.

വീഡിയോ ;

ടെസ്റ്റ് ക്രിക്കറ്റിലെ പന്തിൻ്റെ അഞ്ചാം സെഞ്ചുറിയും വിദേശത്ത് താരം നേടുന്ന നാലാമത്തെ സെഞ്ചുറിയും കൂടിയാണിത്. ഇതിനുമുൻപ് 2018 ൽ ഓവലിൽ സെഞ്ചുറി നേടിയ പന്ത് തൊട്ടടുത്ത വർഷം ഓസ്ട്രേലിയക്കെതിരെ സിഡ്നി ടെസ്റ്റിലും ഈ വർഷം ജനുവരിയിൽ സൗത്താഫ്രിക്കയ്ക്കെതിരെ കേപ് ടൗണിലും സെഞ്ചുറി നേടിയിരുന്നു. പന്തിനെ കൂടാതെ മൂന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ മാത്രമാണ് ഏഷ്യയ്ക്ക് പുറത്ത് ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ളത്.

( Picture Source : Twitter )

മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 2000 റൺസും അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സിക്സും പന്ത് പൂർത്തിയാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 2000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സിക്സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും പന്ത് സ്വന്തമാക്കി.

( Picture Source : Twitter )