Skip to content

പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ജോസ് ബട്ട്ലർ നയിക്കും

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇനി ഇംഗ്ലണ്ടിനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ നയിക്കും. ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.

( Picture Source : Twitter )

ഇന്ത്യയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരയോടെയായിരിക്കും ഫുൾ ടൈം ക്യാപ്റ്റനായി ജോസ് ബട്ട്ലർ സ്ഥാനമേൽക്കുക. നെതർലൻഡ്സിനെതിരായ മൂന്നാം മത്സരത്തിൽ മോർഗൻ്റെ അഭാവത്തിൽ ഇംഗ്ലണ്ടിനെ നയിച്ചത് ജോസ് ബട്ട്ലറായിരുന്നു. ആ മത്സരമടക്കം 14 മത്സരങ്ങളിൽ ബട്ട്ലർ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്.

” മോർഗനിൽ നിന്നും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത് വലിയ ബഹുമതിയാണ്. ഇംഗ്ലിഷ് ക്രിക്കറ്റിനെ ആവേശകരമായ നിലയിൽ എത്തിച്ചാണ് അദ്ദേഹം മടങ്ങിയത്. വരാനിരിക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ ഞാൻ പ്രചോദിതനാണ്. വൈറ്റ് ബോൾ ടീം ശക്തമാണ്. അടുത്ത ആഴ്ച്ച ഇന്ത്യയ്ക്കെതിരെ ആരംഭിക്കുന്ന പരമ്പരയിലും പിന്നീട് സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ടീമിനെ നയിക്കാൻ ഞാൻ കാത്തിരിക്കുന്നു. ” ജോസ് ബട്ട്ലർ പറഞ്ഞു.

( Picture Source : Twitter )

ഇംഗ്ലണ്ടിന് വേണ്ടി 151 ഏകദിന മത്സരങ്ങൾ കളിച്ച ബട്ട്ലർ 10 സെഞ്ചുറിയടക്കം 120 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 4120 റൺസും 88 ടി20 മത്സരങ്ങളിൽ നിന്നും 140 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 2140 റൺസും നേടിയിട്ടുണ്ട്.

ജൂലൈ ഏഴിനാണ് ഇന്ത്യയുമായുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ശേഷം ജൂലൈ 12 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇന്ത്യ മടങ്ങിയ ശേഷം ജുലൈ 19 ന് സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പര ആരംഭിക്കും.

( Picture Source : Twitter )