Skip to content

35 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് പേസ് ബൗളർ ക്യാപ്റ്റൻ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ പേസർ ജസ്പ്രീത് ബുംറ നയിക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡിൽ നിന്നും മുക്തനാകാത്തതിനാലാണ് മത്സരത്തിൽ ബുംറ ഇന്ത്യയെ നയിക്കുന്നത്. നീണ്ട 35 വർഷത്തിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പേസ് ബൗളർ ഇന്ത്യയെ നയിക്കുന്നത്.

1987 ൽ കപിൽ ദേവ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം ഒരിക്കൽ ഒരു പേസർ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിച്ചിട്ടില്ല. ഇപ്പോൾ 35 വർഷങ്ങൾക്ക് ഇന്ത്യയെ നയിക്കാനുള്ള അവാസരം മറ്റൊരു പേസ് ബൗളർക്ക് വന്നുചേർന്നിരിക്കുകയാണ്. വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് എഡ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ്മയ്ക്ക് പകരക്കാരൻ ആരാകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം മായങ്ക് അഗർവാൾ ഗില്ലിനോപ്പം ഓപ്പൺ ചെയ്തേക്കും.

കഴിഞ്ഞ വർഷം മാറ്റിവെച്ച മത്സരമാണ് ഇപ്പോൾ വീണ്ടും നടക്കുന്നത്. ആദ്യ നാല് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1 ന് മുൻപിലാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഈ മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് നിർണായകമാണ്. പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

ന്യൂസിലൻഡിനെതിരായ പരമ്പര 3-0 ന് തൂത്തുവാരിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടാനെത്തുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയെ നേരിട്ട ടീമിൽ നിന്നും എട്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. ഇരു ടീമുകളും പുതിയ കോച്ചിൻ്റെയും പുതിയ ക്യാപ്റ്റൻ്റെയും കീഴിലാണ് ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.