Skip to content

ആൻഡേഴ്സൺ തിരിച്ചെത്തി, ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ജൂലൈ ഒന്നിനാണ് കഴിഞ്ഞ വർഷം മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ലോർഡ്സിലും ഓവലിലും നടന്ന മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1 ന് മുൻപിലാണുള്ളത്.

ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്. സീനിയർ പേസർ ജെയിംസ് ആൻഡേഴ്സൺ ഓവർടണ് പകരക്കാരനായും കോവിഡ് ബാധിതനായ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന് പകരക്കാരനായി സാം ബില്ലിങ്സും ടീമിൽ ഇടം പിടിച്ചു.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ ;

അലക്സ് ലീസ്, സാക് ക്രോളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (c), സാം ബില്ലിങ്സ്, മാത്യൂ പോട്ട്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്സൺ.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ 3-0 ന് പരാജയപെടുത്തിയ ആത്മവിശ്വാസത്തിലാണ് നാളെ ഇംഗ്ലണ്ട് ഇറങ്ങുന്നത്. മറുഭാഗത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മയില്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുക. കോവിഡിൽ നിന്നും മുക്തനാകുവാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടില്ല. രോഹിത് ശർമ്മയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ നയിക്കുക. അങ്ങനെയാണെങ്കിൽ ആദ്യ നാല് മത്സരങ്ങളിലെ ടോപ് സ്കോറർമാർ ഇല്ലാതെയാകും അഞ്ചാം മത്സരത്തിനായി ഇന്ത്യയിറങ്ങുക. 368 റൺസ് നേടിയ രോഹിത് ശർമ്മയും 315 റൺസ് നേടിയ കെ എൽ രാഹുലുമാണ് ആദ്യ നാല് മത്സരങ്ങളിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത്.