Skip to content

ഫോമിൽ തിരിച്ചെത്താനാകുന്നില്ല, ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിക്കുന്നു

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇംഗ്ലണ്ടിന് ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പ് നേടികൊടുത്ത ഓയിൻ മോർഗന് കഴിഞ്ഞ വർഷങ്ങളിൽ ഫോമിലെത്താൻ സാധിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മോർഗൻ പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന് പുറകെ മൂന്നാം മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

( Picture Source : Twitter )

ഈ ആഴ്ച്ചയിൽ തന്നെ മോർഗൻ വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അയർലൻഡിൻ്റെ അണ്ടർ 19 ടീമിൻ്റെ ക്യാപ്റ്റനായിരുന്ന മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതും അയർലൻഡിന് വേണ്ടിയായിരുന്നു. 2007 ഏകദിന ലോകകപ്പിൽ അയർലൻഡിന് വേണ്ടി കളിച്ച താരം പിന്നീട് നടന്ന ടി20 ലോകകപ്പിലാണ് അയർലൻഡ് വിട്ട് ഇംഗ്ലണ്ട് ടീമിൽ എത്തിയത്. തുടർന്ന് 2011 ലോകകപ്പിൽ കെവിൻ പീറ്റേഴ്സണ് പകരക്കാരനായി ഇംഗ്ലണ്ട് മോർഗനെ ടീമിൽ എത്തിക്കുകയും ചെയ്തിരുന്നു. 2015 ഏകദിന ലോകകപ്പിന് മുൻപായാണ് മോർഗൻ ഇംഗ്ലണ്ട് ക്യാപ്റ്റനായി നിയമിക്കപെട്ടത്. ലോകകപ്പിൽ ദയനീയ പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ച്ചവെച്ചത്.

ആ ലോകകപ്പിന് ശേഷം പുതിയ ഇംഗ്ലണ്ടിനെയാണ് മോർഗന് കീഴിൽ കാണാൻ സാധിച്ചത്. 2017 ൽ സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ വിജയിക്കാൻ സാധിച്ചില്ലയെങ്കിലും രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന ലോകകപ്പിൽ കിരീടം സ്വന്തമാക്കുവാൻ മോർഗന് കീഴിൽ ഇംഗ്ലണ്ടിന് സാധിച്ചു.

( Picture Source : Twitter )

ഏകദിന ക്രിക്കറ്റിൽ 248 മത്സരങ്ങളിൽ നിന്നും 14 സെഞ്ചുറിയടക്കം 7701 റൺസ് നേടിയിട്ടുള്ള മോർഗൻ ടി20 ക്രിക്കറ്റിൽ 115 മത്സരങ്ങളിൽ നിന്നും 2458 റൺസും 16 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 700 റൺസും നേടിയിടട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ നേടിയ ബാറ്റ്സ്മാൻ കൂടിയാണ് മോർഗൻ.

( Picture Source : Twitter )