Skip to content

അവൻ്റെ ചില ഷോട്ടുകൾ ഞെട്ടിച്ചു, ഐറിഷ് യുവതാരത്തെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം ഹാരി ടെക്ടറിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ത്യ അനായസ വിജയം കുറിച്ച മത്സരത്തിൽ ടെക്ടറിൻ്റെ ഒറ്റയാൾ പോരാട്ടമാണ് അയർലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരശേഷം താരത്തിന് ഹാർദിക് പാണ്ഡ്യ ബാറ്റ് സമ്മാനമായി നൽകുകയും ചെയ്തിരുന്നു.

( Picture Source : Twitter )

” അവൻ ചില മികച്ച ഷോട്ടുകൾ കളിച്ചു, അവന് 22 വയസ്സുമാത്രമേ ആയിട്ടുള്ളൂ. ഞാൻ അവനൊരു ബാറ്റ് നൽകുകയും ചെയ്തു. ഇനി കൂടുതൽ സിക്‌സ് നേടാനും ഐ പി എൽ കരാർ നേടാനും അവന് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

” ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അവനെ നന്നായി നോക്കേണ്ടതുണ്ട്. ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ല ജീവിതശൈലിയെ കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. അതിനവന് സാധിച്ചാൽ ഐ പി എല്ലിൽ മാത്രമല്ല ലോകത്തിലെ എല്ലാ ലീഗുകളിലും സാന്നിധ്യമറിയിക്കാൻ അവന് സാധിക്കും. ” ഹാർദിക് പാണ്ഡ്യ പറഞ്ഞു.

( Picture Source : Twitter )

മത്സരത്തിൽ 33 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 64 റൺസ് നേടി ടെക്ടർ പുറത്താകാതെ നിന്നിരുന്നു. അന്താരാഷ്ട്ര ടി20 യിലെ താരത്തിൻ്റെ മൂന്നാമത്തെ ഫിഫ്റ്റിയാണിത്. 33 മത്സരങ്ങളിൽ നിന്നും ഇതുവരെ 604 റൺസ് ടി20 ക്രിക്കറ്റിൽ അയർലൻഡിനായി താരം നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ 20 മത്സരങ്ങൾ കളിച്ച താരം 7 ഫിഫ്റ്റി നേടിയിട്ടുണ്ട്.

( Picture Source : Twitter )