Skip to content

അയർലൻഡിനെതിരെ അനായാസ വിജയം, ഹാർദിക്കിന് കീഴിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

അയർലൻഡിനെതിരായ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് അനായസവിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 7 വിക്കറ്റിനാണ് ആതിഥേയരായ അയർലൻഡിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 109 റൺസിൻ്റെ വിജയലക്ഷ്യം 9.2 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

( Picture Source : Twitter )

ഇഷാൻ കിഷനും ദീപക് ഹൂഡയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. ഇഷാൻ കിഷൻ 11 പന്തിൽ 3 ഫോറും 2 സിക്സുമടക്കം 26 റൺസ് നേടി പുറത്തായപ്പോൾ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ച ദീപക് ഹൂഡ പിന്നീട് താളം കണ്ടെത്തുകയും 29 പന്തിൽ 6 ഫോറും 2 സിക്സുമടക്കം പുറത്താകാതെ 47 റൺസ് നേടുകയും ചെയ്തു.

പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 12 പന്തിൽ 24 റൺസ് നേടി പുറത്തായി. ദിനേശ് കാർത്തിക് 5 റൺസ് നേടി പുറത്താകാതെ നിന്നു.

അയർലൻഡിന് വെണ്ടി ക്രെയ്ഗ് യങ് രണ്ട് വിക്കറ്റും ജോഷുവ ലിറ്റിൽ ഒരു വിക്കറ്റും നേടി. നേരത്തേ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 33 പന്തിൽ 6 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 64 റൺസ് നേടിയ യുവതാരം ഹാരി ടെക്ടറിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് 12 ഓവറിൽ മികച്ച സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ 22 റൺസിന് 3 വിക്കറ്റ് അയർലൻഡിന് നഷ്ടപെട്ടിരുന്നു.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ, യുസ്വെന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. അരങ്ങേറ്റക്കാരൻ ഉമ്രാൻ മാലിക്കിന് വിക്കറ്റ് നേടുവാൻ സാധിച്ചില്ല. ഒരോവർ മാത്രം എറിഞ്ഞ താരം 14 റൺസ് വഴങ്ങി.

( Picture Source : Twitter )