Skip to content

മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡാരൽ മിച്ചൽ

അവിശ്വസീയ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻ ഡാരൽ മിച്ചൽ കാഴ്ച്ചവെച്ചത്. മറ്റുള്ളവർ നിറം മങ്ങിയ പരമ്പരയിൽ മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 500 ലധികം റൺസാണ് മിച്ചൽ അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഡാരൽ മിച്ചൽ.

( Picture Source : Twitter )

മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടി 109 റൺസ് നേടി പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ 56 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനമടക്കം പരമ്പരയിൽ 6 ഇന്നിങ്സിൽ നിന്നും 107.60 ശരാശരിയിൽ 538 റൺസ് താരം നേടി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇംഗ്ലണ്ടിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒരു വിദേശ ബാറ്റ്സ്മാൻ 500 റൺസ് പിന്നിടുന്നത്.

മൂന്നാം മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ ഫിഫ്റ്റിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ അഞ്ച് ഇന്നിങ്സിൽ 50+ സ്കോർ നേടുന്ന ആദ്യ ന്യൂസിലൻഡ് ബാറ്ററെന്ന റെക്കോർഡും ഡാരൽ മിച്ചൽ സ്വന്തമാക്കി.

( Picture Source : Twitter )

ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 108 റൺസ് നേടിയ മിച്ചൽ നോട്ടിങ്ഹാമിൽ നടന്ന രണ്ടാം ടെസ്റ്റിലും ആദ്യ ഇന്നിങ്സിൽ 190 റൺസും രണ്ടാം ഇന്നിങ്സിൽ 62 റൺസും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 109 റൺസും രണ്ടാം ഇന്നിങ്സിൽ 56 റൺസും താരം നേടിയത്. താരത്തിൻ്റെ തകർപ്പൻ പ്രകടന മികവിലും ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ന്യൂസിലൻഡിന് സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളിലും അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് പരാജയപെട്ടത്.

( Picture Source : Twitter )