Skip to content

35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ അത് സംഭവിക്കുമോ, ആകാംക്ഷയോടെ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ദിവസങ്ങൾക്ക് മുൻപ് ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡ് പോസിറ്റീവായത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ജൂലൈ ഒന്നിന് മത്സരം നടക്കാനിരിക്കെ കോവിഡിൽ നിന്നും മുക്തനായില്ലെങ്കിൽ രോഹിത് ശർമ്മയ്ക്ക് മത്സരം നഷ്ടമാകും. അങ്ങനെയെങ്കിൽ പേസ് ബൗളർ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ നയിക്കുക.

മത്സരത്തിൽ രോഹിത് ശർമ്മയില്ലെങ്കിൽ 35 വർഷങ്ങൾക്ക് ശേഷം ഒരു ഫാസ്റ്റ് ബൗളർ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന കാഴ്ച്ചയ്ക്ക് ലോകം സാക്ഷ്യം വഹിക്കും. ഇതിന് മുൻപ് കപിൽ ദേവാണ് ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റിൽ നയിച്ചിട്ടുള്ള ഫാസ്റ്റ് ബൗളർ. 1987 ൽ കപിൽ ദേവ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം പിന്നീട് ഒരിക്കൽ പോലും ഫാസ്റ്റ് ബൗളർമാർ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിച്ചിട്ടില്ല.

കെ എൽ രാഹുൽ പരിക്ക് മൂലം പുറത്തായതോടെയാണ് വൈസ് ക്യാപ്റ്റൻ സ്ഥാനം ബുംറയ്ക്ക് ലഭിച്ചത്. കഴിഞ്ഞ സൗത്താഫ്രിക്കൻ പര്യടനത്തിലും ബുംറയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.

രോഹിത് ശർമ്മയില്ലെങ്കിൽ ശുഭ്മാൻ ഗില്ലിനൊപ്പം വിഹാരിയോ വിക്കറ്റ് കീപ്പർ ശ്രീകർ ഭരതോ ആയിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യുക. ലെസ്റ്റർഷയറിനെതിരായ പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് ഭരത് കാഴ്ച്ചവെച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലാണുള്ളത്. എന്നാൽ ഇക്കുറി പുതിയ നേതൃത്വനിരയുടെ കീഴിലാണ് ഇംഗ്ലണ്ട് എത്തുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പര അറ്റാക്കിങ് ക്രിക്കറ്റാണ് സ്റ്റോക്സിനും മക്കല്ലത്തിനും കീഴിൽ ഇംഗ്ലണ്ട് കാഴ്ച്ചവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ ശക്തരായ ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശവിരുന്നായിരിക്കും.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഈ മത്സരത്തിലെ വിജയം നിർണായകമാണ്. പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷകൾ ഇതിനോടകം അവസാനിച്ചുകഴിഞ്ഞു.