Skip to content

ചരിത്രനിമിഷം, ശക്തരായ മുംബൈയെ തകർത്ത് ആദ്യ രഞ്ജി ട്രോഫി കിരീടം നേടി മധ്യപ്രദേശ്

ശക്തരായ മുംബൈയെ തകർത്തുകൊണ്ട് ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി നേടി മധ്യപ്രദേശ്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു മധ്യപ്രദേശിൻ്റെ വിജയം. അവസാന ദിനത്തിൽ 108 റൺസിൻ്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മധ്യ പ്രദേശ് മറികടന്നു.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 162 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ മുംബൈയ്ക്ക് 269 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സുവേദ് പാർക്കർ 51 റൺസും സർഫറാസ് ഖാൻ 45 റൺസും പൃഥ്വി ഷാ 44 റൺസും നേടിയെങ്കിലും ആർക്കും തന്നെ വലിയ സ്കോർ നേടുവാൻ സാധിച്ചാൽ. മധ്യ പ്രദേശിന് വേണ്ടി കുമാർ കാർത്തികേയ നാല് വിക്കറ്റ് നേടി.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 133 റൺസ് നേടിയ യാഷ് ദുബെ, 116 റൺസ് നേടിയ ശുഭം ശർമ്മ, 122 റൺസ് നേടിയ രജത് പടിന്ദർ എന്നിവരുടെ മികവിലാണ് 536 റൺസെന്ന കൂറ്റൻ സ്കോർ നേടി 162 റൺസിൻ്റെ നിർണായക ലീഡ് മധ്യ പ്രദേശ് സ്വന്തമാക്കിയത്.

ശുഭം ശർമ്മയാണ് പ്ലേയർ ഓഫ് ദി മാച്ച്. മുംബൈ താരം സർഫറാസ് ഖാനാണ് പ്ലേയർ ഓഫ് ദി സിരീസ്. സീസണിൽ 9 ഇന്നിങ്സിൽ നിന്നും 122.75 ശരാശരിയിൽ 4 സെഞ്ചുറിയടക്കം 982 റൺസ് താരം നേടിയിരുന്നു.

( Picture Source : Twitter )