Skip to content

അവിടെ പോയാൽ ആരാധകർ എന്നെ വെറുതെ വിടില്ല, ഐ പി എല്ലിലേക്ക് ഗാംഗുലി തന്നെ ക്ഷണിച്ചിരുന്നുവെന്ന് റമീസ് രാജ

ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഐ പി എല്ലിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. കഴിഞ്ഞ രണ്ട് സീസണുകളിൽ ഐ പി എൽ കാണുവാൻ ഗാംഗുലി ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ആരാധകരെ പേടിച്ചുകൊണ്ട് രണ്ട് തവണയും ക്ഷണം തനിക്ക് തിരസ്കരിക്കേണ്ടി വന്നെന്നും റമീസ് രാജ പറഞ്ഞു.

” സൗരവ് ഗാംഗുലിയുമായി ഞാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇരു ക്രിക്കറ്റ് ബോർഡുകളിലും ചെയർമാനും പ്രസിഡൻ്റും ക്രിക്കറ്റ് താരങ്ങളാണ്. നമുക്ക് മാറ്റം കൊണ്ടുവരാൻ സാധിച്ചില്ലയെങ്കിൽ, അതിലെന്താണ് കാര്യം. ? ”

” നിർഭാഗ്യവശാൽ ഗാംഗുലിയ്ക്ക് അദ്ദേഹത്തിൻ്റേതായ ആശങ്കകളുണ്ട്. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ അദ്ദേഹം എന്നെ ഐ പി എല്ലിലേക്ക് ക്ഷണിച്ചു. ഒരിക്കൽ ദുബായിൽ വെച്ചും പിന്നെ ഇത്തവണയും. പങ്കെടുക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ കുഴങ്ങി. അവിടെ പോയാൽ ആരാധകർ എന്നെ വെറുതെ വിടില്ലയെന്ന് ഞാൻ കരുതി. ക്രിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ആ ക്ഷണം സ്വീകരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. പക്ഷേ അതിന് മുൻപായി ചില വിള്ളലുകൾ നികത്തേണ്ടതുണ്ട്, കാരണം ഇതൊരു പൊളിറ്റിക്കൽ ഗെയിം കൂടിയാണ്. ” റമീസ് രാജ പറഞ്ഞു.

അടുത്ത ഐസിസി കലണ്ടർ മുതൽ ഐ പി എല്ലിന് രണ്ടര മാസത്തെ ഔദ്യോഗിക വിൻഡോ ഉണ്ടാകുമെന്ന വാർത്തകളോടും റമീസ് രാജ പ്രതികരിച്ചു. ഐ പി എൽ വിൻഡോയുടെ സമയം വർധിപ്പിച്ചുവെന്നതിൽ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ലയെന്നും ഐസിസി കോൺഫ്രൻസിൽ ഇതിനെ കുറിച്ചുള്ള തൻ്റെ അഭിപ്രായം വ്യക്തമാക്കുമെന്നും റമീസ് രാജ പറഞ്ഞു.