Skip to content

മക്കല്ലത്തിനും ഗിൽക്രിസ്റ്റിനും ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വനേട്ടം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ റെക്കോർഡ് ബെൻ സ്റ്റോക്സ് സ്വന്തമാക്കിയത്. മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ഇപ്പോഴത്തെ ഇംഗ്ലണ്ട് ഹെഡ് കോച്ചുമായ ബ്രണ്ടൻ മക്കല്ലവും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 13 പന്തിൽ 18 റൺസ് മാത്രം നേടിയാണ് സ്റ്റോക്സ് പുറത്തായത്. രണ്ട് ഫോറും ഒരു സിക്സും പുറത്താകുന്നതിന് മുൻപ് സ്റ്റോക്സ് നേടിയിരുന്നു. ഈ സിക്സോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സ് ബെൻ സ്റ്റോക്സ് പൂർത്തിയാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് ബെൻ സ്റ്റോക്സ്. 176 ഇന്നിങ്സിൽ നിന്നും 107 സിക്സ് നേടിയിട്ടുള്ള മക്കല്ലവും 137 ഇന്നിങ്സിൽ നിന്നും 100 സിക്സ് നേടിയിട്ടുള്ള ഗിൽക്രിസ്റ്റും മാത്രമാണ് ഇതിനുമുൻപ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്.

( Picture Source : Twitter )

151 ഇന്നിങ്സുകളിൽ നിന്നാണ് ബെൻ സ്റ്റോക്സ് ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സ് പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 82 മത്സരങ്ങളിൽ നിന്നും 36.24 ശരാശരിയിൽ 11 സെഞ്ചുറിയും 28 ഫിഫ്റ്റിയുമടക്കം 5255 റൺസ് ബെൻ സ്റ്റോക്സ് നേടിയിട്ടുണ്ട്.

98 സിക്സ് നേടിയ ക്രിസ് ഗെയ്ൽ, 97 സിക്സ് നേടിയ ജാക്ക് കാലിസ്, 91 സിക്സ് നേടിയ വീരേന്ദർ സെവാഗ് എന്നിവരാണ് ഈ നേട്ടത്തിൽ ബെൻ സ്റ്റോക്സിന് പുറകിലുളളത്. നിലവിലെ താരങ്ങളിൽ 76 സിക്സ് നേടിയ ടിം സൗത്തീ, 74 സിക്സ് നേടിയ എഞ്ചലോ മാത്യൂസ്, 64 സിക്സ് നേടിയ രോഹിത് ശർമ്മ എന്നിവരാണ് സ്റ്റോക്സിന് പിന്നിലുള്ളത്.

( Picture Source : Twitter )