ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിർഭാഗ്യകരമായ വിക്കറ്റുകളിലൊന്നിന് സാക്ഷ്യം വഹിച്ച് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം. ന്യൂസിലൻഡ് ബാറ്റർ ഹെൻറി നിക്കോൾസാണ് അവിശ്വസനീയമായ രീതിയിലൂടെ പുറത്തായത്. മത്സരത്തിലെ ആദ്യ ദിനത്തിലായിരുന്നു ക്രിക്കറ്റിൽ അധികം കാണാത്ത കാഴ്ച്ചയ്ക്ക് ലീഡ്സ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇംഗ്ലണ്ട് സ്പിന്നർ ജാക്ക് ലീച്ച് എറിഞ്ഞ 56 ആം ഓവറിലാണ് ഈ വിക്കറ്റ് വീണത്. ഓവറിലെ രണ്ടാം പന്തിൽ ന്യൂസിലൻഡ് ബാറ്റർ ഹെൻറി നിക്കോൾസ് ഓൺ ഡ്രൈവിന് ശ്രമിക്കുകയും തനിക്ക് നേരെ വന്ന പന്തിൽ നിന്നും നോൺ സ്ട്രൈക്കർ ഡാരൽ മിച്ചൽ ഒഴിഞ്ഞുമാറിയെങ്കിലും തക്കസമയത്ത് തൻ്റെ ബാറ്റ് മാറ്റുവാൻ താരത്തിന് സാധിച്ചില്ല. നേരെ ബാറ്റിൽ പതിച്ച പന്ത് നേരെ മിഡ് ഓഫിൽ നിന്നിരുന്ന അലക്സ് ലീസിൻ്റെ കൈകളിൽ എത്തിച്ചേരുകയും ചെയ്തു.
സഹതാരങ്ങൾ സെലിബ്രേറ്റ് ചെയ്യുമ്പോഴും എന്താണ് സംഭവിച്ചതെന്ന് ബൗളറായ ജാക്ക് ലീച്ചിന് മനസ്സിലായിട്ടുണ്ടായിരുന്നില്ല. ക്രിക്കറ്റിൽ ഇതിനുമുൻപൊന്നും കാണാത്ത തരത്തിലുള്ള വിക്കറ്റായിരുന്നു ഇത്.
വീഡിയോ ;
One of the unlucky dismissal ever in the history of the game. pic.twitter.com/YtcGNec3GP
— Johns. (@CricCrazyJohns) June 23, 2022
മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള ഡാരൽ മിച്ചലും വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലുമാണ് ക്രീസിലുള്ളത്.
റൺസൊന്നും നേടാതിരുന്ന ടോം ലാതം, 20 റൺസ് നേടിയ വിൽ യങ്, 31 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, 26 റൺസ് നേടിയ ഡെവൻ കോൺവെ, 19 റൺസ് നേടിയ ഹെൻറി നിക്കോൾസ് എന്നിവരുടെ വിക്കറ്റാണ് ന്യൂസിലൻഡിന് നഷ്ടപെട്ടത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച് എന്നിവർ രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടൺ ഒരു വിക്കറ്റും നേടി.
