ഇങ്ങനൊന്നും അല്ലടാ !! ജോ റൂട്ടിനെ പോലെ ബാറ്റ് ബാലൻസ് ചെയ്തുനിർത്താൻ ശ്രമിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടിനെ പോലെ ഗ്രൗണ്ടിൽ ബാറ്റ് സ്വയം ബാലൻസ് ചെയ്തുനിർത്താൻ ശ്രമിച്ച് വിരാട് കോഹ്ലി. ലെസ്റ്റർഷയറിനെതിരായ പരിശീലന മത്സരത്തിനിടെയാണ് ഈ രസകരമായ കാഴ്ച്ച ആരാധകരുടെ ശ്രദ്ധയിൽ പെട്ടത്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്റ് ഗ്രൗണ്ടിൽ ബാലൻസ് ചെയ്യിപ്പിച്ചുകൊണ്ട് ജോ റൂട്ട് ക്രിക്കറ്റ് ആരാധകരെ ആശയകുഴപ്പത്തിലാക്കിയത്. ജോ റൂട്ടിൻ്റെ മാജിക്ക് എന്ന രീതിയിലാണ് ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പിന്നീടാണ് താരത്തിൻ്റെ ബാറ്റിങിൻ്റെ അടിവശം ഫ്ലാറ്റായതുകൊണ്ടാണ് ഇത്തരത്തിൽ ബാറ്റ് ചെയ്തതെന്ന് ആരാധകർക്ക് മനസ്സിലായത്. വൈറൽ വീഡിയോ കോഹ്ലിയുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഇത്തരമൊരു അഭ്യാസത്തിന് കോഹ്ലിയും ശ്രമിച്ചത്.

വീഡിയോ ;

പരിശീലന മത്സരത്തിൽ 69 പന്തിൽ 33 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. യുവതാരം റോമൻ വോൾക്കറാണ് കോഹ്ലിയെ പുറത്താക്കിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 25 റൺസും ശുഭ്മാൻ ഗിൽ 21 റൺസും ഹനുമാ വിഹാരി 3 റൺസും രവീന്ദ്ര ജഡേജ 13 റൺസും നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർക്ക് റൺസൊന്നും നേടാൻ സാധിച്ചില്ല.

ജൂലൈ ഒന്നിനാണ് കഴിഞ്ഞ വർഷം മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലാണ്. മത്സരത്തിൽ വിജയിക്കുകയോ സമനില നേടുകയോ ചെയ്താൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ കോഹ്ലിയും ജോ റൂട്ടുമാണ് ക്യാപ്റ്റന്മാരെങ്കിൽ ഇക്കുറി ഇന്ത്യയെ രോഹിത് ശർമ്മയും ഇംഗ്ലണ്ടിനെ ബെൻ സ്റ്റോക്സുമാണ് നയിക്കുന്നത്.