Skip to content

അയർലൻഡ് പര്യടനത്തിൽ പന്തിനും ശ്രേയസ് അയ്യർക്കും പകരക്കാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ റിഷഭ് പന്തിനും ശ്രേയസ് അയ്യർക്കും പകരക്കാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ. ജൂലൈയിൽ ഇംഗ്ലണ്ട് പര്യടനം നടക്കുന്നതിനാൽ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഉണ്ടായിരുന്ന റിഷഭ് പന്തിനെയും ശ്രേയസ് അയ്യരിനെയും ഇന്ത്യ ടി20 ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ഹാർദിക് പാണ്ഡ്യയാണ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ സ്ഥാനം പിടിക്കാൻ സാധിക്കാതിരുന്ന സഞ്ജു സാംസൺ, രാഹുൽ ത്രിപാതി എന്നിവരെ ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ പന്തും അയ്യരും ഇല്ലെങ്കിൽ പോലും സഞ്ജുവിന് അവസരം നൽകേണ്ടയെന്ന അഭിപ്രായമാണ് പാർത്ഥിവ് പട്ടേൽ മുന്നോട്ടുവച്ചത്.

” നമ്മൾ എപ്പോഴും സഞ്ജു സാംസണെ പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നു. ടീമിലേക്കുള്ള അവൻ്റെ തിരിച്ചുവരവിനെ പറ്റി ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. വലിയ പേരുള്ള അവൻ ടീമിൽ കളിക്കുന്നത് കാണുവാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇവിടെ ( സൗത്താഫ്രിക്കയ്ക്കെതിരെ) സഞ്ജു ഫിറ്റായിരുന്നിട്ടും അവനെ ടീമിൽ ഉൾപെടുത്തിയില്ല. അതിനർത്ഥം സഞ്ജുവിനേക്കാൾ മുൻപിലുള്ളത് ദീപക് ഹൂഡയാണ് എന്നുള്ളതുകൊണ്ടാണ്. അതിനാലാണ് ദീപക് ഹൂഡയെ ടീമിൽ അവന് മുൻപേ ഉൾപെടുത്തിയത്. ”

” അതുപോലെ തന്നെയാണ് വെങ്കടേഷ് അയ്യരും, റുതുരാജ് ബാറ്റ് ചെയ്ത രീതിവെച്ചുനോക്കിയാൽ, എല്ലാ പൊസിഷനിലും ബാറ്റ് ചെയ്ത് പരിചയമുള്ള രാഹുൽ ത്രിപ്പാതി ഉണ്ടെങ്കിലും നിങ്ങൾക്ക് മറ്റൊരു ഓപ്പണറെ ആവശ്യമാണെങ്കിൽ അവസരം നൽകേണ്ടത് വെങ്കടേഷ് അയ്യർക്കാണ്. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോൾ അതിൽ ആവേശമുണ്ടാകുമെന്നത് ശരിതന്നെ, പക്ഷേ നിങ്ങൾ ടീമിൽ സ്ഥിരത പുലർത്തേണ്ടതുണ്ട്. ” പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.