Skip to content

അഭിമാനമായി ഇഷാൻ കിഷൻ, ടി20 റാങ്കിങിൽ വീണ്ടും മുന്നേറ്റം

ഐസിസി ടി20 റാങ്കിങിൽ വീണ്ടും മുന്നേറ്റം നടത്തി ഇന്ത്യൻ യുവ ഒപ്പണർ ഇഷാൻ കിഷൻ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ രണ്ട് ഫിഫ്റ്റിയടക്കം 200 ലധികം റൺസ് താരം നേടിയിരുന്നു. ഇതോടെയാണ് റാങ്കിങിൽ മുന്നേറ്റം നടത്തുവാൻ ഇഷാൻ കിഷന് സാധിച്ചത്. റാങ്കിങിൽ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ ബാറ്റ്സ്മാനും ഇഷാൻ കിഷനാണ്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് ഫിഫ്റ്റിയടക്കം 40 ന് മുകളിൽ ശരാശരിയിൽ 206 റൺസ് ഇഷാൻ നേടിയിരുന്നു. പരമ്പരയിലെ ഈ പ്രകടനത്തോടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ ആറാം സ്ഥാനത്തെത്തുവാൻ ഇഷാൻ കിഷന് സാധിച്ചു. 703 പോയിൻ്റ് നേടി ന്യൂസിലൻഡ് ബാറ്റർ ഡെവൻ കോൺവേയ്ക്കൊപ്പമാണ് ഇഷാൻ കിഷനുള്ളത്.

ബാബർ അസം, മൊഹമ്മദ് റിസ്വാൻ, എയ്ഡൻ മാർക്രം, ഡേവിഡ് മലാൻ, ആരോൺ ഫിഞ്ച് എന്നിവരാണ് ആദ്യ അഞ്ചിലുള്ള ബാറ്റ്സ്മാന്മാർ. പതിനഞ്ചാം സ്ഥാനത്തുള്ള കെ എൽ രാഹുലാണ് ഇഷാൻ കിഷന് പിന്നിലുള്ള ഇന്ത്യൻ താരം. രോഹിത് ശർമ്മ, ശ്രേയസ് അയ്യർ എന്നിവർ യഥാക്രമം 18, 19 സ്ഥാനങ്ങളിലാണ് ഉള്ളത്.

പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ദിനേശ് കാർത്തിക്കും റാങ്കിങിൽ നേട്ടമുണ്ടാക്കി. 108 സ്ഥാനങ്ങൾ മെച്ചപെടുത്തിയ ഡി കെ റാങ്കിങിൽ നിലവിൽ 87 ആം സ്ഥാനത്താണ് ഉള്ളത്. പതിനാലാം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറാണ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബൗളർ. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്.