Skip to content

ഇന്ത്യൻ ക്യാപ്റ്റനാകുന്നത് ചില്ലറ കാര്യമല്ല, പന്തിനെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്തിനെ ഇന്ത്യൻ ക്യാപ്റ്റനാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുനി ബിസിസിഐ സെലക്ടറും കൂടിയായ മദൻ ലാൽ. ഇന്ത്യൻ ക്യാപ്റ്റനാകുവാൻ ഇനിയുമേറെ സമയം പന്തിനുണ്ടെന്നും താനായിരുന്നു സെലക്ടറെങ്കിൽ പന്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം തടയുമായിരുന്നുവെന്നും മദൻ ലാൽ പറഞ്ഞു.

” അവനെ ക്യാപ്റ്റനാക്കുന്നത് ഞാൻ തീർച്ചയായും തടയുമായിരുന്നു. ഞാനത് അനുവദിക്കില്ലായിരുന്നു. കാരണം അവനെ പോലെയൊരു കളിക്കാരന് പിന്നീടാണ് ഉത്തരവാദിത്വം നൽകേണ്ടത്. ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാവുകയെന്നത് വലിയ കാര്യമാണ്. അവൻ യുവതാരമാണ്, അവൻ എവിടെയും പോകുന്നില്ല. അധികം താമസിക്കാതെ പക്വത കൈവരിക്കാൻ അവന് സാധിക്കും. ” മദൻ ലാൽ പറഞ്ഞു.

” അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തൻ്റെ കഴിവിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുവാൻ സാധിക്കുമെങ്കിൽ മികച്ചൊരു ക്യാപ്റ്റനായി മാറുവാൻ പന്തിന് സാധിക്കും. അപ്പോൾ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ അവന് സാധിക്കും. എം എസ് ധോണി വളരെ ശാന്തനായിരുന്നു. അതവൻ്റെ ക്യാപ്റ്റൻസിക്കും യോജിച്ചു. വിരാട് മികച്ച ബാറ്ററാണ്. പന്ത് ആക്രമിച്ച് കളിക്കരുതെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അൽപ്പം പക്വതയോടെ കളിക്കാൻ കഴിയുമെങ്കിൽ അത് നല്ലതായിരിക്കും. ” മദൻ ലാൽ കൂട്ടിച്ചേർത്തു.

പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ടുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ പന്തിന് സാധിച്ചു. എന്നാൽ ബാറ്റ് കൊണ്ട് നിരാശപെടുത്തുന്ന പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്. അഞ്ച് ഇന്നിങ്സിൽ 58 റൺസ് നേടാൻ മാത്രമാണ് താരത്തിന് സാധിച്ചു. അടുത്ത മാസം ഇംഗ്ലണ്ടിൽ വെച്ചുനടക്കുന്ന പരമ്പര ടി20 ടീമിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് നിർണായകമാണ്.