Skip to content

അവൻ ഞങ്ങളുടെ പദ്ധതികളുടെ വലിയ ഭാഗമാണ്, റിഷഭ് പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

മോശം പ്രകടനത്തെ തുടർന്ന് വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പിന്തുണച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഐസിസി ടി20 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിൻ്റെ പദ്ധതികളുടെ വലിയ ഭാഗമാണ് റിഷഭ് പന്തെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്ന റിഷഭ് പന്തിന് 58 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുഭാഗത്ത് ഇഷാൻ കിഷനും ദിനേശ് കാർത്തിക്കും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു.

” വ്യക്തിപരമായി കൂടുതൽ റൺസ് നേടുവാൻ അവൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് അവനെ ബാധിക്കില്ല. വരുന്ന മാസങ്ങളിലെ ഞങ്ങളുടെ പദ്ധതികളുടെ വലിയ ഭാഗമാണ് റിഷഭ് പന്ത്. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

” വിമർശിക്കാൻ എനിക്ക് താല്പര്യമില്ല. മധ്യ ഓവറുകളിൽ കളി മുന്നോട്ട് കൊണ്ടുപോകുവാൻ ആക്രമിച്ചു കളിക്കുന്ന ആളുകളെ ആവശ്യമാണ്. ചിലപ്പോൾ രണ്ടോ മൂന്നോ മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി ആരെയും വിലയിരുത്താൻ സാധിക്കില്ല. ”

” അധികം ആവറേജ് ഇല്ലയെങ്കിലും സ്ട്രൈക്ക് റേറ്റിൻ്റെ കാര്യത്തിൽ മികച്ച ഐ പി എല്ലായിരുന്നു പന്തിൻ്റേത്. ഐ പി എല്ലിൽ അൽപ്പം മുന്നേറുവാൻ അവൻ ശ്രമിച്ചു. മൂന്ന് വർഷം മുൻപ് മികച്ച സ്ട്രൈക്ക് റേറ്റും ശരാശരിയും അവനുണ്ടായിരുന്നു. അന്താരാഷ്ട്രതലത്തിൽ അവനിൽ നിന്നും ആ നമ്പറുകൾ നേടാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.

” അറ്റാക്ക് ചെയ്തുകൊണ്ട് ബാറ്റ് ചെയ്യുമ്പോൾ കുറച്ച് മത്സരങ്ങളിൽ അവന് തെറ്റുപറ്റിയേക്കാം. പക്ഷേ അവൻ ഇന്ത്യൻ ബാറ്റിങ് നിരയുടെ അവിഭാജ്യ ഘടകമാണ്. അവന് ശക്തിയുണ്ടെന്നതും ഒരു ഇടങ്കയൻ ബാറ്റ്സ്മാൻ ആണെന്നതും പ്രധാനമാണ്. മധ്യ ഓവറുകളിൽ മികച്ച പ്രകടനം അവൻ ഞങ്ങൾക്കായി പുറത്തെടുത്തിട്ടുണ്ട്. ” രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.