Skip to content

ഇതെന്താ നാട്ടിൻപുറത്തെ കളിയാണോ?! ഇംഗ്ലണ്ട് താരം മലാൻ  സ്റ്റേഡിയത്തിന് പുറത്തേക്ക് അടിച്ചു കയറ്റിയ പന്ത് തിരയുന്ന നേതാർലൻഡ് താരങ്ങൾ – രസകരമായ വീഡിയോ കാണാം

ഇംഗ്ലണ്ട് – നേതാർലൻഡ് തമ്മിലുള്ള ആദ്യ ഏകദിന മത്സരം കൂറ്റൻ സ്‌കോറിലൂടെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.  ഏകദിന ഇന്നിംഗ്‌സിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ന് ഇംഗ്ലണ്ട് നേതാർലൻഡിനെതിരെ നേടിയത്. 50 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 498 റൺസാണ് അടിച്ചു കൂട്ടിയത്. ചെയ്‌സിങ്ങിന് ഇറങ്ങിയ നേതാർലൻഡിനെ 266 റൺസിൽ എല്ലാവരെയും പുറത്താക്കി 232 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്.

മത്സരത്തിനിടെ മറ്റൊരു രസകരമായ സംഭവം കൂടിയുണ്ടായി. 9ആം ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മലാൻ പറത്തിയ കൂറ്റൻ സിക്സ് ചെന്ന് വീണത് സ്റ്റേഡിയത്തിന് പുറത്തുള്ള കുറ്റികാട്ടിലാണ്. ഇതോടെ ബോൾ കണ്ടെത്താനുള്ള ശ്രമവുമായി നേതാർലൻഡ് താരങ്ങൾ കൂട്ടത്തോടെ പന്ത് വീണ സ്ഥലത്ത് എത്തി. നാട്ടിൻപുറത്തെ കളികളിൽ മാത്രം സുപരിചിതമായത് അന്താരാഷ്ട്ര ക്രിക്കറ്റിലും സംഭവിച്ചതോടെ വീഡിയോ നിമിഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി.

ഏതായാലും നാട്ടിൻപുറത്തെ പോലെ കുറേ നേരം പന്തിനായി തിരച്ചിൽ നടത്തേണ്ട ആവശ്യം ഉണ്ടായില്ല. പന്ത് കണ്ടെത്തിയ സന്തോഷത്തിൽ ആർപ്പുവിളിക്കുന്ന നേതാർലൻഡ് താരങ്ങളെയും വീഡിയോയിൽ കാണാം.

മൂന്നുപേരാണ് ഇംഗ്ലണ്ട് നിരയില്‍ സെഞ്ചുറി നേടിയത്. ഓപ്പണർ ഫിലിപ്പ് സാള്‍ട്ട് (93 പന്തില്‍ 122) ഡേവിഡ് മലാന്‍ (109 പന്തില്‍ 125) റണ്‍സ് അടിച്ചെടുത്തതിന് പിന്നാലെ ജോസ് ബട്ട്‌ലറിന്റെ സ്ഫോടനാത്മക ബാറ്റിങ്ങിനും നെതര്‍ലന്‍ഡ്‌സിലെ വി.ആര്‍.എ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 70 പന്തില്‍ 162 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചുകൂട്ടിയത്. അതില്‍ 14 സിക്‌സറുകളും ഏഴ് ബൗണ്ടറികളുമുണ്ടായിരുന്നു. 231.43 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

https://twitter.com/henrymoeranBBC/status/1537732155803049985?t=bCrOl48isIWxE2tL27ffvw&s=19

ക്യാപ്റ്റന്‍ മോര്‍ഗനും (0) ഓപണര്‍ ജേസന്‍ റോയിയും (1) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളില്‍ ലിവിങ്സ്റ്റണും കത്തിപ്പടര്‍ന്നതോടെ (22 പന്തില്‍ 66) ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ഇംഗ്ലണ്ട് അരക്കിട്ടുറപ്പിച്ചു.
26 സിക്‌സറുകളും 36 ഫോറുകളുമാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിന്റെ ഫിലിപ്പ് ബോയിസ് വെയിനാണ് ഏറ്റവും കൂടുതല്‍ അടിവാങ്ങിയത് -10 ഓവറില്‍ 108 റണ്‍സ്.