Skip to content

47 പന്തിൽ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോസ് ബട്ട്ലർ

ഐ പി എല്ലിലെ തൻ്റെ തകർപ്പൻ ഫോം ഇംഗ്ലണ്ടിന് വേണ്ടിയും തുടർന്നിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. നെതർലൻഡ്സിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി ജോസ് ബട്ട്ലർ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോസ് ബട്ട്ലർ.

( Picture Source : Twitter )

മത്സരത്തിൽ സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ, ഡേവിഡ് മലാൻ, ഫിലിപ്പ് സാൾട്ട്, ഫിഫ്റ്റി നേടിയ ലിവിങ്സ്റ്റൺ എന്നിവരുടെ മികവിൽ നിശ്ചിത 50 ഓവറിൽ 498 റൺസ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.

മത്സരത്തിൽ വെറും 47 പന്തുകളിൽ നിന്നുമാണ് ബട്ട്ലർ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇരുനൂറോ അതിന് മുകളിൽ സ്ട്രൈക്ക് റേറ്റിലോ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന തകർപ്പൻ നേട്ടം ബട്ട്ലർ സ്വന്തമാക്കി. ഇതിനുമുൻപ് 2015 ൽ ദുബായിൽ പാകിസ്ഥാനെതിരെ 46 പന്തിലും 2019 ൽ സൗത്താംപ്ടണിൽ 50 പന്തിലും ബട്ട്ലർ സെഞ്ചുറി നേടിയിരുന്നു.

( Picture Source : Twitter )

കൂടാതെ 47 പന്തിൽ നിന്നും നേടിയ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ ഇംഗ്ലീഷ് താരങ്ങളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനവും ബട്ട്ലർ സ്വന്തമാക്കി. വെസ്റ്റിൻഡീസിനെതിരെ 53 പന്തിൽ സെഞ്ചുറി നേടിയ മൊയിൻ അലിയാണ് നാലാം സ്ഥാനത്തുള്ളത്.

70 പന്തിൽ 7 ഫോറും 14 സിക്സുമടക്കം പുറത്താകാതെ 162 റൺസ് ബട്ട്ലർ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ 4000 റൺസും ബട്ട്ലർ പൂർത്തിയാക്കി. ഏകദിന ക്രിക്കറ്റിൽ 40 ന് മുകളിൽ ശരാശരിയിൽ 120 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 4000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനാണ് ജോസ് ബട്ട്ലർ.

( Picture Source : Twitter )