നെതർലൻഡ്സിനെ അടിച്ചുതകർത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കി ഇംഗ്ലണ്ട്. തങ്ങളുടെ റെക്കോർഡ് തന്നെയാണ് നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് തകർത്തത്. ജോസ് ബട്ട്ലർ, ഡേവിഡ് മലാൻ, ഫിലിപ്പ് സാൾട്ട് തുടങ്ങിയവരുടെ സെഞ്ചുറി മികവിലും ലിയാം ലിവിങ്സ്റ്റൻ്റെ ഫിഫ്റ്റി മികവിലും നിശ്ചിത 50 ഓവറിൽ 498 റൺസ് നേടിയാണ് ലോക റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഫിലിപ്പ് സാൾട്ട് 93 പന്തിൽ 14 ഫോറും 3 സിക്സുമടക്കം 122 റൺസും ഡേവിഡ് മലാൻ 109 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 125 റൺസ് നേടിയപ്പോൾ 47 പന്തിൽ സെഞ്ചുറി കുറിച്ച ജോസ് ബട്ട്ലർ 70 പന്തിൽ 7 ഫോറും 14 സിക്സുമടക്കം 162 റൺസും 17 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ലിയാം ലിവിങ്സ്റ്റൺ 22 പന്തിൽ 6 ഫോറും 6 സിക്സുമടക്കം 66 റൺസും നേടി പുറത്താകാതെ നിന്നു. വെറും 2 റൺസിനാണ് 500 റൺസെന്ന മാജിക്കൽ നമ്പർ ഇംഗ്ലണ്ടിന് നഷ്ടമായത്.
2018 ൽ നോട്ടിങ്ഹാമിൽ ഓസ്ട്രേലിയക്കെതിരെ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയ 481 റൺസായിരുന്നു ഇതുവരെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ. മത്സരത്തോടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ആദ്യ മൂന്ന് ടീം ടോട്ടലും ഇംഗ്ലണ്ടിൻ്റെ പേരിലായി. നോട്ടിങ്ഹാമിൽ തന്നെ പാകിസ്ഥാനെതിരെ 444 റൺസ് 2016 ൽ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയിരുന്നു.

അവസാന 12 ഓവറിൽ മാത്രം 198 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. 26 സിക്സുകളാണ് മത്സരത്തിൽ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ഏകദിന ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സെന്ന തങ്ങളുടെ തന്നെ റെക്കോർഡ് ഇംഗ്ലണ്ട് മറികടന്നു. ഇതിനുമുൻപ് 2019 ൽ മാഞ്ചസ്റ്ററിൽ അഫ്ഗാനിസ്ഥാനെതിരെ 25 സിക്സും 2019 ൽ തന്നെ വെസ്റ്റിൻഡീസിനെതിരെ 24 സിക്സും ഇംഗ്ലണ്ട് നേടിയിരുന്നു.
